വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ കൊച്ചുപനയ്ക്കൽ ക്ഷേത്രത്തിനു മുന്നിലെ സ്റ്റാർട്ടിങ് പോയിന്റിൽ ഫൈനൽ മത്സരം ആരംഭിച്ചു. ഒരു കിലോമീറ്റർ അകലെയുള്ള മുണ്ടയ്ക്കൽ പാലത്തിനടുത്തേക്ക് ആവേശത്തിമിർപ്പോടെ തുഴഞ്ഞുകയറിയ ചുണ്ടൻവള്ളങ്ങൾക്ക് കൈനകരിയുടെ ആർപ്പുവിളികൾ അകമ്പടിയായി. തുടക്കത്തിൽ ഒന്നാമതെത്തിയ വീയപുരത്തെ പാതിവഴി പിന്നിട്ടപ്പോൾ മേൽപ്പാടം പിന്നിലാക്കി. അവസാന ലാപ്പിൽ മേൽപ്പാടം മുന്നിലെത്തിയപ്പോൾ കൈനകരി ആവേശത്തിലായി. എന്നാൽ, വീയപുരം ചുണ്ടന്റെ തുഴച്ചിലുകാർ അവസാന നിമിഷം അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച് മേൽപ്പാടത്തെ മറികടന്ന് വിജയം സ്വന്തമാക്കി.
വീയപുരം ചുണ്ടൻ 3.33.34 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ മേൽപ്പാടം ചുണ്ടൻ (3.33.62) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ഒരു വള്ളപ്പാടിന് പിറകിൽ നിരണം ചുണ്ടൻ (3.41.68) മൂന്നാം സ്ഥാനവും, നടുഭാഗം ചുണ്ടൻ (3.39.41) നാലാം സ്ഥാനവും, നടുവിലെ പറമ്പൻ (3.40.08) അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പായിപ്പാടൻ (3.55.46) ആറാം സ്ഥാനവും ചെറുതന ചുണ്ടൻ (3.58.03) ഏഴാം സ്ഥാനവും നേടി. കാരിച്ചാൽ (3.58.24) എട്ടാമതും ചമ്പക്കുളം (4.20.70) ഒൻപതാമതുമായി ഫിനിഷ് ചെയ്തു.
advertisement
വള്ളംകളി പ്രേമികൾക്ക് ആവേശം പകരുന്നതിനായി ഐപിഎൽ മാതൃകയിലാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കുന്നത്.
മൂന്ന് മാസം നീളുന്ന മത്സരങ്ങള്‍ ഡിസംബര്‍ ആറിന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫിയോടെയാണ് സമാപിക്കുന്നത്. ആകെ 5.63 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുന്നത്.