കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണ വീണ്ടും ക്ഷേത്രപ്പറമ്പിൽ സമാനമായ ബോർഡുകൾ സ്ഥാപിച്ചതായി മാധ്യമപ്രവർത്തകയായ ശരണ്യ എം ചാരു ഫേസ്ബുക്കിൽ കുറിച്ചു. 'ഉത്സവകാലങ്ങളിൽ മുസ്ലിങ്ങൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല' എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾക്ക് നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
''കഴിഞ്ഞ വർഷം ഉത്സവത്തോട് അനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ വച്ച് മുസ്ലിം മതസ്ഥർക്ക് പ്രവേശനമില്ലെന്ന ബോർഡ് കേരളം ഒന്നടങ്കം ചർച്ച ചെയ്തതായിരുന്നു. ബോർഡ് വൻ വിവാദമാവുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തതോടെ താത്കാലികമായി അവിടെനിന്ന് മാറ്റിയിരുന്നു എന്നല്ലാതെ സ്ഥിരമായി ഉപേക്ഷിച്ചിരുന്നില്ല എന്ന കാര്യം നേരത്തെ അറിയാമായിരുന്നു.'' - ശരണ്യ എം. ചാരു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽനിന്ന് മുസ്ലിം മതസ്ഥരെ വിലക്കിക്കൊണ്ടുള്ള ബോർഡ് വീണ്ടും പരസ്യമായി സ്ഥാപിച്ചിരിക്കുകയാണെന്നും അവർ പറയുന്നു.
advertisement
ഇസ്ലാം മതക്കാർക്ക് വിലക്ക്: മല്ലിയോട്ട് പാലോട്ട് കാവ് തീരുമാനം അപരിഷ്കൃതമെന്ന് ഡിവൈഎഫ്ഐ
ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ മാടായി ബ്ലോക്ക്കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാനവ സാഹോദര്യത്തിന്റെയും സാംസ്കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന- പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി- മത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിർത്തു തോൽപിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീക്ഷണിയാണ്. കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽ നിന്ന് പിൻതിരിയാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.
നാടിന്റെ സൗഹൃദാന്തരീക്ഷം തകർത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഉയർന്ന് പ്രവർത്തികകണമെന്നും ഇതിനെതിരെ മുഴുവൻ മതനിരപേക്ഷ വാദികളും രംഗത്ത് വരണമെന്നും ഡിവൈ എഫ്ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭ്യർത്ഥിച്ചു.
