ഇതാ അത് പോലെ ഒരു ഐറ്റം കാസർഗോഡ് നിന്നും.
മൂന്ന് വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം.
പ്രസവിച്ചാൽ ദിവസം 18 ലിറ്റർ പാല് കിട്ടുമെന്ന ഉറപ്പിലാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഒരു പശുവിനെ വാങ്ങിയത്. 2022 ഏപ്രിൽ 9 ന്. കണക്ക് കൂട്ടിയപ്പോ ദിവസ വരുമാനം കുതിച്ചു പൊങ്ങുമെന്ന വൻ പ്രതീക്ഷയോടെയാണ് ഗർഭിണിയായ പശുവിനെ 36,500 രൂപ കൊടുത്ത് വാങ്ങിയത്. നാട്ടുകാരനായ ഗണേഷ് റാവു എന്നയാളുടെ ആയിരുന്നു പശു. എന്നാൽ പ്രസവശേഷം പശുവിനെ കറന്നപ്പോൾ തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെയായി കാര്യങ്ങൾ. പറഞ്ഞ കണക്കിന് അടുത്തെങ്ങും പാൽ ഇല്ല. കഷ്ടിച്ച് രണ്ട് ലിറ്റർ കിട്ടും.
advertisement
ഇനി പശുവിന്റെ പെരുമാറ്റമാണെങ്കിൽ അതിനുമപ്പുറം. കറക്കാൻ ചെന്നാൽ മുമ്പ് മനുഷ്യരെ കണ്ടിട്ടില്ലാത്ത പോലെ തൊഴിക്കും. കിടാവിനും പാല് കൊടുക്കുന്നില്ല. അതിനെയും തൊഴിച്ച് ദൂരെയെറിയും.ചുരുക്കത്തിൽ മത്തായിയുടെ തൊഴുത്ത് തൊഴിക്കളമായി. മത്തായി ആകെ പെട്ടു.
ഗണേഷിന്റെ വീട്ടിലെത്തി. മത്തായി കാര്യം പറഞ്ഞു.തർക്കമായി. വീട്ടിൽ കയറി തോന്ന്യവാസം പറഞ്ഞെന്ന് പറഞ്ഞ ഗണേഷിന്റെ ഭാര്യ മത്തായിക്ക് എതിരെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഇടപെട്ടു. സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ തന്റെ പശുവിന് 18 ലിറ്റർ കിട്ടുമെന്ന വാദത്തിൽ ഗണേഷ് ഉറച്ചു നിന്നു. എന്റെ വീട്ടിൽ നിന്ന് മാറിയത് കൊണ്ട് ആകാം ഇങ്ങനെ. പശുവിനെ എന്റെ വീട്ടിലെത്തിച്ചാൽ 18 ലിറ്റർ കറന്ന് കാണിക്കാമെന്ന് റാവു പറഞ്ഞു. എന്നാൽ അങ്ങനെ ആകട്ടെ എന്ന് പോലീസ് പറഞ്ഞു.
അങ്ങനെ പശുവിനെയും കിടാവിനെയും കൂട്ടി മത്തായി വീണ്ടും ഗണേഷിന്റെ വീട്ടിലെത്തി. പശുവും കിടാവും അവിടെ നിന്നു. അതിനെ കറന്നോ പാൽ കിട്ടിയോ എന്നറിയില്ല.
എന്തായാലും മത്തായിക്ക് പശുവിനെ തിരിച്ചു കിട്ടിയില്ല.
പശുവിനെയും കിടാവിനെയും ഇനി വിട്ടുതരില്ലെന്നായി ഗണേഷ്. പൊലീസിന്റെ ഉപദേശപ്രകാരം മത്തായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ (District Legal Services Authority) പരാതി നൽകി. പക്ഷേ ഗണേഷ് അതോറിറ്റിയിൽ ഹാജരായില്ല.
കാശ് പോയപോലെ പശു പോയാൽ മത്തായിക്ക് ചുമ്മാ അങ്ങ് പോകാൻ പറ്റുമോ ? മത്തായി വിട്ടു കൊടുക്കുമോ ? കാസർഗോഡ് ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷനിൽ (District Consumer Disputes Redressal Commission) പരാതി നൽകി.
അപ്പോഴാണ് ഗണേഷിന്റെ തകർപ്പൻ ചോദ്യം.
എന്ത് പശു ? ഏത് പശു ? ആരുടെ പശു? എന്റെ പശു എന്റെ വീട്ടിലുണ്ട്. എന്റെ വീട്ടിലുള്ളത് എന്റെ പശുവാണ്. ഇങ്ങനെ ഒരു പശുക്കച്ചവടം നടന്നിട്ടേയില്ലെന്നായി അദ്ദേഹം. അത്തരമൊരു പശുവിനെ താൻ ആർക്കും വിറ്റിട്ടില്ലെന്ന് ഗണേഷ് അവകാശപ്പെട്ടു.
കമ്മീഷന് കാര്യം മനസിലായി. മത്തായിക്ക് അനുകൂലമായി വിധിച്ചു. പണം തിരികെ നൽകാനും നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാനും ഗണേഷിനോട് നിർദ്ദേശിച്ചു.
കേസ് നടത്താൻ മത്തായിക്ക് മാത്രമല്ല തനിക്കും അറിയാമെന്ന് ഗണേഷ് ഉറക്കെ പ്രഖ്യാപിച്ചു. ജില്ലാകമ്മീഷന് മുകളിലാണല്ലോ സംസ്ഥാന കമ്മീഷൻ. നേരെ തലസ്ഥാനത്തേക്ക് വണ്ടി പിടിച്ചു.
കാസർഗോഡ് ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷന്റെ തീർപ്പിന് എതിരെ ഗണേഷ് സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ (SCDRC) അപ്പീൽ നൽകി. SCDRC പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ, അജിത് കുമാർ ഡി, കെ ആർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗണേഷ് ജില്ലാ കമ്മീഷന് മുമ്പാകെ വാദങ്ങൾ നിഷേധിച്ചെങ്കിലും മത്തായിയെ ക്രോസ് വിസ്താരം ചെയ്തില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മത്തായിയെ ക്രോസ് വിസ്താരം ചെയ്യാത്തതിനാൽ, ആദ്യ കേസിൽ പരാതിക്കാരനായ മത്തായിയുടെ തെളിവുകൾ ചോദ്യം ചെയ്യപ്പെടാത്തതായി കമ്മീഷൻ കണ്ടു.
പശുവിനെ വാങ്ങിയെങ്കിൽ അത് തെളിയിക്കാൻ രസീത് ഉണ്ടോ എന്നായി ഗണേഷ്. മത്തായിക്ക് ഒരു രസീതും ഹാജരാക്കാൻ കഴിയില്ലെന്നും ഇടപാടിലെ പോരായ്മ നിർണ്ണയിക്കാൻ വാമൊഴി തെളിവുകൾ മാത്രം പര്യാപ്തമല്ലെന്നും ഗണേഷ് വാദിച്ചു. എന്നാൽ, പശുവിനെ വാങ്ങുന്നത് പോലുള്ള നാട്ടിൻപുറത്തെ ഇടപാടുകളിൽ ആരും രസീത് പോലെയുള്ള കൊടുക്കില്ല എന്ന സാമാന്യയുക്തി കണക്കിലെടുത്ത് രേഖാമൂലമുള്ള തെളിവുകൾ നിർബന്ധിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അത്തരം സന്ദർഭങ്ങളിൽ, വിശ്വസനീയവും ബോധ്യപ്പെടുത്തുന്നതുമാണെങ്കിൽ വാമൊഴി തെളിവുകൾ പരിഗണിക്കാവുന്നതാണെന്നും വ്യക്തമാക്കി.
"അത്തരമൊരു സാഹചര്യത്തിൽ രേഖാമൂലമുള്ള തെളിവുകൾ ആവശ്യപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമായിരിക്കും, ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് എതിരാണ്," ബെഞ്ച് പറഞ്ഞു.
വ്യാജ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപാട് നടന്നുവെന്നത് മത്തായിയുടെ മൊഴിയിൽ നിന്ന് ബോധ്യമാകുന്നുണ്ടെന്ന് സംസ്ഥാനകമ്മീഷൻ പറഞ്ഞു. മത്തായിയിൽ നിന്ന് റാവു വാങ്ങിയ 36,500 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവായി 5,000 രൂപയും നൽകാനും നിർദ്ദേശിച്ച ജില്ലാ ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷൻ ശരിവച്ചു.
അങ്ങിനെ മൂന്ന് വർഷം പോയതിന് പുറമെ ആശിച്ച പശുവിനേയും അതിന്റെ പാലും കിട്ടിയില്ല എങ്കിലും പശുവിന് പോയ കാശും നഷ്ടപരിഹാരവുമായി 20000 രൂപയും കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്തായി.