തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ആയതോടെ കെ സി വേണുഗോപാൽ ദേശീയ നേതൃത്വത്തിൽ കൂടുതൽ കരുത്തനാവുന്നു. ഇത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നേതൃ സമവാക്യങ്ങളിലും പ്രതിഫലിക്കും. കേരളത്തിൽ നിന്നുളള കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവ് എന്ന നിലയിൽ കേരള വിഷയങ്ങളിൽ കെ സിയുടെ വാക്കുകളാവും ഇനി നിർണ്ണായകം.
പുനസംഘടന, സ്ഥാനാർത്ഥി നിർണയം തുടങ്ങീ പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങളിലെല്ലാം ഇനി കെ സി വേണുഗോപാലിന്റെ കൈയ്യൊപ്പ് ഉണ്ടാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായി കെ സി മാറുമ്പോൾ അതിന്റെ പ്രതിഫലനം കേരളത്തിലെ കോൺഗ്രസിലും ഉണ്ടാകും. ദൈനം ദിന വിഷയങ്ങളിൽ നിന്ന് ഉപദേശക റോളിലേക്ക് എ കെ ആന്റണി പതിയെ പിൻവാങ്ങുന്ന സാഹചര്യത്തിൽ പ്രാധാന്യം പിന്നെയും കൂടും.
advertisement
പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്; കോൺഗ്രസിൽ അഴിച്ചുപണി
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പളളി രാമചന്ദ്രനും മേലേയ്ക്കാണ് സംഘടനാ തലത്തിൽ കെ സി മാറുന്നത്. നിർണായക സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുകളിലും തർക്ക വിഷയങ്ങളിലും അഭിപ്രായം പ്രധാനമാകും.
സ്വാഭാവികമായും വലിയൊരു വിഭാഗം നേതാക്കളും അണികളും ശക്തിയുളള നേതാവിന് ഒപ്പം ചേരും.
നിലവിൽ ഐ ഗ്രൂപ്പിൽ നിർണായക സ്വാധീനമുളള നേതാവാണ് കെ സി. DCC അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ അടക്കം ഇത് തെളിയുകയും ചെയ്തു. ഐ ഗ്രൂപ്പ് നേതാവ് എന്ന നിലയിലെ പ്രവർത്തനത്തിൽ നിന്ന് മാറേണ്ടി വരുമെങ്കിലും ഐ ഗ്രൂപ്പിലും അതിനപ്പുറം കേരളത്തിലെ പാർട്ടിയിലാകെയും കരുത്തനാവുകയാണ് കെ സി.
ഉമ്മൻചാണ്ടി മത്സരിക്കുമോ? തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി കോൺഗ്രസ്
കേരള രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് കെ സി വേണുഗോപാലിനെ പറിച്ചു നടുകയായിരുന്നു. ദേശീയ തലത്തിൽ ഒന്നാം നമ്പർ ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴും കേരള രാഷ്ട്രീയത്തിൽ കണ്ണുളള നേതാവാണ് കെ കരുണാകരന്റെ ഈ പഴയ ശിഷ്യൻ. ഇതുതന്നെയാണ് കേരളത്തിലെ പ്രബല നേതാക്കളെ ആശങ്കപ്പെടുത്തുന്ന കാര്യവും.
