TRENDING:

Kerala Assembly Eelction Result | പ്രതിപക്ഷ ആരോപണങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല; കേരള ജനത എൽഡിഎഫിനൊപ്പം

Last Updated:

Kerala Assembly Eelction Result | പ്രതിസന്ധിഘട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച ഒരു ക്രൈസിസ് മാനേജർ ആകുന്നുവെന്ന പരിവേഷവും ഇടതുവിജയത്തിന് കരുത്തായിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനം, ലൈഫ് മിഷൻ വിവാദം, സ്പ്രിങ്ക്ലർ, ശബരിമല എന്നിങ്ങനെ കഴിഞ്ഞ കാലങ്ങളിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തിയത് ആരോപണങ്ങളുടെ കൂരമ്പുകൾ. സ്വർണക്കടത്ത്-ഡോളർക്കടത്ത് വിവാദങ്ങളിൽ സ്പീക്കർ, പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ. ടി ജലീൽ, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയവയൊക്കെ പ്രതിക്കൂട്ടിലായിരുന്നു. സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കാനും ഈ വിവാദങ്ങൾക്ക് സാധിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അതൊന്നും സ്വാധീനം ചെലുത്തിയില്ലെന്നാണ് വ്യക്തമാകുന്നത്.
advertisement

പ്രതിപക്ഷ ആരോപണങ്ങൾ പ്രതിസന്ധിയിലാക്കിയപ്പോഴും, വികസന നേട്ടങ്ങൾ പ്രചരണ വിഷയമാക്കിയും ക്ഷേമപെൻഷനും ഭക്ഷ്യകിറ്റുകളും കൃത്യമായി വിതരണം ചെയ്തുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കളഞ്ഞ, കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ എൽഡിഎഫിനൊപ്പം അടിയുറച്ചുനിന്നതും ഭരണത്തുടർച്ചയ്ക്ക് ഇടയാക്കി. യുഡിഎഫ് ആരോപണങ്ങൾ തള്ളിക്കളയുന്ന ചിത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതെങ്കിലും, അത് ഊട്ടിയുറപ്പിക്കുന്നതായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

Also Read- Kerala Assembly Eelction Result | ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധി എഴുതി: വി എസ് അച്യുതാനന്ദൻ

advertisement

പ്രതിസന്ധിഘട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച ഒരു ക്രൈസിസ് മാനേജർ ആകുന്നുവെന്ന പരിവേഷവും ഇടതുവിജയത്തിന് കരുത്തായിട്ടുണ്ട്. നിപ്പാ, രണ്ടു പ്രളയങ്ങൾ, ഓഖി ഏറ്റവും ഒടുവിൽ കോവിഡ് മഹാമാരി, ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിന്‍റെ അതിജീവനത്തിന് മുന്നിട്ട് നയിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനങ്ങൾ സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരെ ശക്തമായി സ്വാധീനിക്കുകയും ചെയ്തിരുന്നു.

അതേസമയം ഹരിപ്പാട് വിജയിക്കാനായെങ്കിലും, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വ്യക്തിപരമായി കനത്ത തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കാരണം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ മുന്നിട്ടുനിന്ന് ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. ഓരോ ദിവസവും വാർത്താ സമ്മേളനം വിളിച്ച് പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സർക്കാരിനെ ആക്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇതൊന്നും എൽഡിഎഫിന്‍റെ തേരോട്ടത്തെ ഒരു തരത്തിൽ ബാധിച്ചില്ല.

advertisement

ഒരു സമയത്ത് ഏറ്റവുമധികം ചർച്ചയായതാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ തട്ടിപ്പ് വിവാദം. എന്നാൽ വടക്കാഞ്ചേരിയിൽ എൽ ഡി എഫ് നേടിയത് ഉജ്ജ്വല വിജയമാണ്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ ഇവിടെ ജയിച്ച അനിൽ അക്കരയാണ് ലൈഫ് മിഷൻ വിവാദം ഉന്നയിക്കുന്നതിൽ മുന്നിട്ടുനിന്നത്. എന്നാൽ പ്രതിപക്ഷ ആരോപണം ജനങ്ങൾ തള്ളുന്നതാണ് വടക്കാഞ്ചേരിയിലെ ഫലം തെളിയിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ വർഷത്തെ കോവിഡ് കാലത്ത് പ്രതിപക്ഷം ഉന്നയിച്ച സ്പ്രിങ്ക്ലർ വിവാദത്തേക്കാൾ, ആ സമയത്ത് സർക്കാർ ജനങ്ങളോട് കാട്ടിയ കരുതലാണ് ജനവിധിയിൽ പ്രതിഫലിച്ചത്. അതുകൊണ്ട് തന്നെ പ്രതിപക്ഷനിരയിൽ വരുംദിവസങ്ങളിൽ ഇത് ഉണ്ടാക്കാൻ പോകുന്ന പൊട്ടിത്തെറി വളരെ വലുതായിരിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Assembly Eelction Result | പ്രതിപക്ഷ ആരോപണങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല; കേരള ജനത എൽഡിഎഫിനൊപ്പം
Open in App
Home
Video
Impact Shorts
Web Stories