മുൻ മന്ത്രി പി കെ ജയലക്ഷ്മി, മുതിർന്ന നേതാവ് പദ്മജ വേണുഗോപാൽ എന്നിവർ ഉൾപ്പടെ 11 വനിതകളെയാണ് യുഡിഎഫ് ഇത്തവണ മത്സരരംഗത്ത് ഇറക്കിയത്. ബിന്ദു കൃഷ്ണ, അരിത ബാബു, പദ്മജ വേണുഗോപാൽ, ആർ രശ്മി, വീണ നായർ, ഡോ. പി ആർ സോന തുടങ്ങി ശ്രദ്ധിക്കപ്പെടുന്ന ഒരുപിടി സ്ഥാനാർഥികളെ രംഗത്തിറക്കി. ഇവരിൽ പലരും മത്സരരംഗത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. പദ്മജ ഉൾപ്പടെയുള്ളവർ ജയപ്രതീക്ഷ പുലർത്തുകയും ചെയ്തു.
മാനന്തവാടിയിൽ മത്സരിച്ച പി കെ ജയലക്ഷ്മി വോട്ടെണ്ണലിനിടെ പലപ്പോഴും മുന്നിലെത്തിയെങ്കിലും വിജയിക്കാനായില്ല. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് കായംകുളത്ത് മത്സരിച്ച അരിത ബാബു. ആലപ്പുഴ എം.പി എ എം ആരിഫിന്‍റെ അധിക്ഷേപം നേരിടേണ്ടി വന്ന അരിത കായംകുളത്ത് അട്ടിമറി സൃഷ്ടിച്ചേക്കുമെന്ന് യുഡിഎഫ് ക്യാംപുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കോൺഗ്രസിൽനിന്ന് ഒരാൾക്കു പോലും ജയിക്കാനായില്ല. കെ കെ രമ മാത്രമായിരിക്കും പ്രതിപക്ഷ നിരയിലെ ഏക വനിതാ സാനിദ്ധ്യം. വടകരയിൽ എൽജെഡിയുടെ മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കെ കെ രമ നിയമസഭയിലേക്ക് എത്തുന്നത്.
advertisement
അതേസമയം ഭരണപക്ഷത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾ ഉണ്ടാകും. കെ കെ ശൈലജ ടീച്ചർ, യു പ്രതിഭ, വീണാ ജോർജ്, ദലീമ ജോജോ, ആർ ബിന്ദു, സി കെ ആശ, ജമീല കാനത്തിൽ, ഒ എസ് അംബിക, ജെ ചിഞ്ചുറാണി, കെ ശാന്തകുമാരി എന്നിവരാണ് ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ. ഇവരിൽ കെ കെ ശൈലജ ടീച്ചർ, യു പ്രതിഭ, വീണാ ജോർജ്, സി കെ ആശ എന്നിവർ രണ്ടാം ഊഴക്കാരാണ്.
ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടു വനിതാ മന്ത്രിമാർ ഉണ്ടായിരുന്നു. അതിൽ ജെ മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോറ്റു. ഇത്തവണ ഇടത് മന്ത്രിസഭയിൽ രണ്ടിലധികം വനിതാ മന്ത്രിമാർ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെ കെ ശൈലജ ടീച്ചർക്ക് പുറമെ ആരൊക്കെ മന്ത്രിമാരാകുമെന്നും എന്നത് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ്. ഏതായാലും പ്രതിപക്ഷനിരയിൽ വനിതാ അംഗങ്ങൾ ഒരാളിൽ ഒതുങ്ങിയെങ്കിലും ഭരണപക്ഷത്ത് പത്തോളം പേർ ഉള്ളത് ആശ്വാസകരമാണ്.