കോവിഡ് കാലത്ത് ആൾക്കൂട്ടമൊഴിവാക്കി വിവാഹങ്ങൾ നടത്തണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോൾ നടപ്പാകുന്നത് ഗുരുദേവൻ മുന്നോട്ടുവച്ച ലളിത വിവാഹമെന്ന ആശയമാണ്. ആർഭാടത്തോടെയുള്ള വിവാഹച്ചടങ്ങിനെ അദ്ദേഹം എതിർത്തെന്നു മാത്രമല്ല, വലിയ തുക ചെലവു ചെയ്യാൻ മോഹിക്കുന്ന രക്ഷിതാക്കൾ ആ തുക മക്കൾക്കായി സേവിങ്സ് ബാങ്കിലിടണമെന്നു നിർദേശിക്കുകയും ചെയ്തു. ‘ഒരു വിവാഹത്തിനു കൂടിയാൽ പത്തുപേർ മാത്രമേ ആകാവൂ. വധൂവരന്മാർ, അവരുടെ മാതാപിതാക്കന്മാർ, ദമ്പതികളുടെ ഓരോ സഖികൾ, ഒരു പുരോഹിതൻ, ഒരു പൗരപ്രധാനി ഇപ്രകാരമാണ് പത്തുപേർ’.- ഇതായിരുന്നു ഗുരു വചനം.
advertisement
വ്യക്തി ശുചിത്വത്തിൽ ഏറെ മുൻപന്തിയിലാണ് കേരള സമൂഹം. കൊറോണക്കാലത്ത് ഇത് അനിവാര്യതയുമായി മാറി. എന്നാൽ ഇത്തരൊരു ശീലത്തിന് മലയാളിയിൽ അടിത്തറയിട്ടതിനു പിന്നിൽ ഗുരുദേവന്റെ ഉപദേശവുമുണ്ട്. ദിവസവും രണ്ടുനേരം അടിച്ചുനനച്ച് കുളിക്കുക. വസ്ത്രം മാറുക. വസ്ത്രത്തിന് ഭംഗിയേക്കാൾ വൃത്തിയാണ് പ്രധാനം. വീടും പരിസരവും ശുചിത്വം പാലിക്കുക. ഭക്ഷണം ശുചിയുള്ളത് മാത്രം കഴിക്കുക. എന്നിങ്ങനെയായിരുന്നു ഗുരുവിന്റെ ഉപദേശം. വെറുമൊരു ശീലം എന്നതിലുപരി അയിത്തത്തിനെതിരെ ശുചിത്വത്തെ ഗുരുദേവൻ ആയുധമാക്കുകയും ചെയ്തു.
അച്ഛന്റെ സ്വത്തിനു മക്കൾ സ്ത്രീപുരുഷഭേദം കൂടാതെ സമാവകാശികളായിരിക്കണമെന്നും ഒരു നൂറ്റാണ്ടു മുൻപ് ശ്രീനാരായണഗുരു എഴുതി. ഇക്കഴിഞ്ഞ മാസം ഇതേ ആശയത്തിന് സുപ്രീംകോടതി അംഗീകാരം നൽകുകയും ചെയ്തു. ‘ഭാഗ– ആൾവഴിയായ സമഭാഗമാണു നല്ലത്. പിന്തുടർച്ച – അച്ഛന്റെ സ്വത്തിനു മക്കൾ സ്ത്രീപുരുഷഭേദം കൂടാതെ സമാവകാശികളായിരിക്കണം’– ഈഴവ ലോ കമ്മിറ്റി സെക്രട്ടറി അയച്ച എഴുത്തിനും ചോദ്യാവലിക്കും മറുപടിയായി ഗുരു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1922 നവംബർ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോർ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദർശക ഡയറിയിൽ കുറിച്ചതും ഈ കാലഘട്ടത്തിൽ ഏറെ ശ്രദ്ധേയമാണ്; ‘ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാൾ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദർശിക്കാൻ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരുകാലത്തും മറക്കുകയില്ല’
നാണു ആശാന്‍( എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ൽ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓർമ്മയിലാണ് എല്ലാ വർഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. എന്നാൽ ഇക്കുറി കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ആഘോഷങ്ങളാകും സംസ്ഥാനത്ത് നടക്കുക. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.