അയ്യപ്പ സംഗമത്തിന് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് രംഗത്തെത്തി. സംഗമത്തിൽ പങ്കെടുക്കാൻ മന്ത്രി വി.എൻ. വാസവൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായി അയച്ച കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകൾ നേർന്നത്.
'ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു നന്ദി. പുരാതന ഇന്ത്യൻ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' യോഗി ആദിത്യനാഥ് കത്തിൽ വ്യക്തമാക്കി.
അയ്യപ്പസംഗമത്തിനായി പമ്പാതീരത്ത് 3,500 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ഹാളില്‍ വലിയ 6 എല്‍ഇഡി സ്‌ക്രീനും സ്ഥാപിച്ചിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് 4 അടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണു സ്റ്റേജ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, സമുദായ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് സ്റ്റേജില്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സ്റ്റേജിനു മുന്‍പില്‍ പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വലിയ പാലത്തിലൂടെ പമ്പാ മണപ്പുറത്തേക്ക് എത്തുന്ന ഭാഗത്താണ് പ്രധാന വേദിയുടെ കവാടം. ഇവിടെയാണ് റജിസ്‌ട്രേഷന്‍ കൗണ്ടര്‍.
advertisement