ശബരിമല വിഷയത്തിൽ കേരള സർക്കാരും സി.പി.എമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുള്ള ഫ്ലോട്ടിന് അനുമതിതേടിയത്. ‘വനിതാ മതില’ടക്കം ഉയർത്തി സി.പി.എം, ബി.ജെ.പി.യെ വെല്ലുവിളിക്കുന്ന സന്ദർഭത്തിൽ, റിപ്പബ്ലിക് ദിന പരേഡിൽ തലസ്ഥാനത്ത് കേരളത്തിന്റെ നവോത്ഥാനഗീതം ഉയരുന്നതിനോട് രാഷ്ട്രീയ എതിർപ്പുകളുണ്ടായിരുന്നു. 2014ൽ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്കാരത്തിനുള്ള സ്വർണമെഡൽ കേരളം നേടിയിരുന്നു. 2015ലും 2016ലും തെരഞ്ഞെടുക്കപ്പെട്ടില്ല. 2017ൽ അഞ്ചാംസ്ഥാനത്തുമെത്തി. ഇത്തവണ എന്തുനിലയിലും ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ, പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ വിഷയം ആദ്യം അവതരിപ്പിക്കുന്നതിന് കേരളം പ്രത്യേകപ്രതിനിധിയെവരെ അയച്ചു.
advertisement
ഗാന്ധിജിയുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നതിനാൽ, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന വൈക്കം സത്യാഗ്രഹമാണ് കേരളം തെരഞ്ഞെടുത്തത്. സമിതിക്കുമുമ്പിൽ കേരളം വെച്ച നിർദേശങ്ങളിൽനിന്ന്, ഗാന്ധിജിയും ശ്രീനാരായണഗുരുവും കാണുന്ന ദൃശ്യം ഏറെ ആകർഷണീയമായിതോന്നിയതിനാൽ സമിതിയിലെ കലാകാരന്മാർ അതിൽ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടു. ബംഗാളികലാകാരൻ ബാബ ചക്രവർത്തി ഇതനുസരിച്ച് ഫ്ലോട്ട് നിർമിച്ചു. ഫ്ലോട്ടിന്റെ ത്രിമാനദൃശ്യങ്ങളും ചലനവും സംഗീതത്തോടെ ദൃശ്യവത്‌കരിച്ചത് കണ്ടശേഷം സമിതി ചെറിയ ചിലമാറ്റങ്ങൾ നിർദേശിച്ചു. ഇതനുസരിച്ച് അവസാനഘട്ടത്തിലെത്തിയ 19 സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 20ന് വീണ്ടും അവതരിപ്പിച്ചു. അന്ന് അവതരിപ്പിച്ച മറ്റുപല ഫ്ലോട്ടുകളെക്കാളും മികച്ചതെന്ന് അഭിപ്രായം ഉയർന്നിരുന്നതാണ്.