ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂര്‍ സ്വദേശിയായ റഷീദാ ബാനു തന്റെ മക്കളായ സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായത്.
സുമൈറയുടെയും മറിയത്തിന്റെയും പിതാവായ മുഹമ്മദ് മറൂഫ് കണ്ണൂരിലെ കോട്ടയത്താണ് ജനിച്ചത്. ഒൻപതാം വയസ്സില്‍ മാതാപിതാക്കളെ നഷ്‌ടമായ മുഹമ്മദ് മറൂഫിനെ മുത്തശ്ശി ദത്തെടുത്തു. അവരോടൊപ്പം 1977ല്‍ പാകിസ്ഥാനിലേക്ക് കുടിയേറി. മുഹമ്മദ് മറൂഫ് നിലവില്‍ യുഎഇയിലാണ് ജോലി ചെയ്യുന്നത്. പാകിസ്ഥാനിലേക്ക് പോയ ഇദ്ദേഹം പിന്നീട് തന്റെ അമ്മാവന്റെ മകളായ റഷീദയെ വിവാഹം കഴിച്ചു. ശേഷം റഷീദയേയും പാകിസ്ഥാനിലേക്ക് കൊണ്ടുപോയി. ഇവരുടെ മക്കളായ സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവർ പാകിസ്ഥാനിലാണ് ജനിച്ചത്. 2008ല്‍ മുഹമ്മദും കുടുംബവും ഇന്ത്യയിലേക്ക് തിരിച്ചെത്തി. പ്രത്യേക കാലയളവിലേക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ഇവര്‍ വാങ്ങിയിരുന്നു. സമയാസമയം താമസത്തിനുള്ള അനുമതി നീട്ടിനല്‍കുകയും ചെയ്തു.
advertisement
എന്നാല്‍ ഇവരുടെ മക്കള്‍ക്ക് പൗരത്വം ആവശ്യ പ്പെട്ടുകൊണ്ടുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ ആദ്യം തള്ളി. പാക് പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള രേഖ ഹാജരാക്കിയാല്‍ മാത്രമെ ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുള്ളുവെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ മക്കള്‍ക്ക് 21 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമെ പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് പാകിസ്ഥാന്‍ എംബസിയില്‍ നിന്ന് ലഭിക്കുകയുള്ളുവെന്ന് മാതാപിതാക്കള്‍ വാദിച്ചു. 21 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പേ രണ്ട് പെണ്‍കുട്ടികളും പാകിസ്ഥാനി പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പൗരത്വം ഉപേക്ഷിച്ചതായി പറയുന്ന രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരാതിക്കാര്‍ അവരുടെ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിട്ടുണ്ട്. തിരികെ പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു.
പരാതിക്കാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രേഖകള്‍ പരിഗണിച്ച് പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.