ദ്വാരപാലകശില്പങ്ങളിലെ കവചങ്ങളിൽ സ്വർണംപൂശി കേടുപാടുകൾ തീർക്കുന്ന ജോലി തുടങ്ങിയെന്നും അതുപൂർത്തിയാകാതെ ഉടൻ അവ തിരിച്ചെത്തിക്കാനാവില്ലെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. സന്നിധാനത്തുവെച്ച് ഇലക്‌ട്രോപ്ളേറ്റിങ് നടത്താൻ കഴിയാത്തതിനാലാണ് ചെന്നൈയിലെ സ്ഥാപനത്തിൽ കൊണ്ടുപോയതെന്നും ഹർജിയിൽ ദേവസ്വം ബോർഡ് പറഞ്ഞു.
1998-ൽ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ വഴിപാടായി സ്വർണംപൂശിയപ്പോൾ, അതിന്റെ ജോലികൾ നടന്നത് സന്നിധാനത്തുവെച്ചായിരുന്നു. 2017-ൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചപ്പോഴും ചെമ്പുപറകൾ സ്വർണംപൂശിയത് സന്നിധാനത്തുവെച്ചായിരുന്നു. 2019-ലാണ് ദ്വാരപാലകശില്പങ്ങളിൽ സ്വർണംപൂശിയ ചെമ്പുപാളികൾ പിടിപ്പിച്ചത്. ബെംഗളൂരുവിലെ മലയാളി ഭക്തന്റെ വഴിപാടായിട്ടായിരുന്നു അത്. ശിൽപരൂപത്തിലുള്ള അച്ചുകളിൽ ചെമ്പ് ഉരുക്കിയൊഴിച്ചാണ് പാളികളുണ്ടാക്കിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ ചെമ്പുപാളികൾ കൊണ്ടുപോയാണ് സ്വർണംപൂശിയത്.
advertisement
കേടുപാടുകൾ തീർക്കാൻ ചെന്നൈയിൽ കൊണ്ടുപോയ പാളികളിലുള്ളത് 400 ഗ്രാം സ്വർണമാണ്. സ്വർണം രാസലായനിയിൽ ലയിപ്പിച്ചാണ് വേർതിരിക്കുന്നത്. വേർതിരിച്ചെടുക്കുന്ന സ്വർണത്തിൽ കുറവുണ്ടെങ്കിൽ അത് വാങ്ങിനൽകാമെന്ന് വഴിപാടുകാരൻ ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമായുള്ളത് ക്ഷുരികാപാണി, ഖഡ്ഗ ഹസ്തൻ എന്നീ പേരുകളിലുള്ള ദ്വാരപാലകരാണ്. ധർമശാസ്താവിന്റെ കാവൽക്കാരാണിവർ.