സ്കൂളിൽ തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന് യു.പി. സ്കൂൾ അധ്യാപകനെതിരെ 2019-ൽ എടുത്ത കേസിന്റെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം കേസുകളിൽ അധ്യാപകരുടെ ശിക്ഷാ നടപടിയുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പരസ്പരം തുപ്പുകയും പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തമ്മിൽ തല്ലുകയും ചെയ്ത മൂന്ന് കുട്ടികളെ പിടിച്ചുമാറ്റുന്നതിനിടെയാണ് അധ്യാപകൻ ചൂരൽ പ്രയോഗിച്ചത്. ഇതിൽ ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. തല്ലുകൂടിയ കുട്ടികളെ പിടിച്ചുമാറ്റുക എന്ന സദുദ്ദേശ്യം മാത്രമാണ് തനിക്കുണ്ടായിരുന്നത് എന്ന് അധ്യാപകൻ കോടതിയിൽ വാദിച്ചു.
advertisement
കുട്ടികളെ തിരുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കിൽ അത് തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന്റെ സദുദ്ദേശ്യം കുട്ടികളുടെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ് എന്നും അഭിപ്രായപ്പെട്ട കോടതി, പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസ് റദ്ദാക്കാൻ ഉത്തരവിട്ടു.
