സിപിഎം- കഴിഞ്ഞതവണത്തെക്കാൾ സീറ്റ് കൂട്ടുക എന്നത് തന്നെയാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളിലെ ശ്രദ്ധയുമായിരിക്കും സിപിഎം ഇത്തവണ പ്രചരണ ആയുധമാക്കുന്നത്. സംഘപരിവാറിനെ എതിർക്കുന്നതിൽ മുന്നിൽ എന്ന് വരുത്തുന്നതിൽ കോൺഗ്രസുമായി കടുത്ത മത്സരവും സിപിഎം നടത്തും.
കോൺഗ്രസ്- ഏതാണ്ട് ആറുമാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയാണ് കോൺഗ്രസ് കാണുന്നത്. ഇടതുമുന്നണിയുടെ ഭരണത്തിനെതിരായ വിധിയെഴുത്തിന് തുടക്കം കുറിക്കുക എന്നതായിരിക്കും കോൺഗ്രസ് ലക്ഷം ഇടുക. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള പ്രകടനം തന്നെ നടത്തിയേ പറ്റൂ.സംഘപരിവാറിനെ ശരിക്കും എതിർക്കുന്നത് തങ്ങൾ ആണെന്ന് വരുത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ട് പൂർണമായും ഉറപ്പു വരുത്തും.
advertisement
ബിജെപി- തൃശ്ശൂർ നൽകിയ ആത്മവിശ്വാസം തന്നെയാണ് ബിജെപിക്ക് ഇപ്പോഴുള്ളത്. ഇരുമുന്നണികളും മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നു എന്ന ആരോപണം ഉയർത്തും.തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുക പരമാവധി നഗരസഭകളിൽ മുന്നിലെത്തുക. 100 പഞ്ചായത്തുകളിലെങ്കിലും ഭരണത്തിൽ എത്തുക എന്ന ലക്ഷ്യത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. ക്രിസ്ത്യൻ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നതും പാർട്ടി ലക്ഷ്യമിടുന്നു.
മുസ്ലിം ലീഗ്- പരമാവധി വാർഡുകൾ സ്വന്തമാക്കി 2026 ലെ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിൽ നിന്നും കുറഞ്ഞത് 30 സീറ്റുകൾ എങ്കിലും വാങ്ങാൻ പറ്റുന്ന ശേഷി ഉണ്ടാക്കുക എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. ശക്തി കേന്ദ്രങ്ങൾക്ക് പുറത്ത് സ്വാധീനം വർദ്ധിപ്പിക്കുക എന്നതും പാർട്ടി ലക്ഷ്യമിടുന്നു.
സിപിഐ- അടുത്തിടെ മുന്നണിയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പ്രാദേശിക തലത്തിൽ ബാധിക്കാതെ കൊണ്ടുപോവുക എന്നതാണ് സിപിഎ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പുറമേ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ പാർട്ടിക്കുള്ളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതും സിപിഐക്ക് വെല്ലുവിളി തന്നെയാണ്.
വെൽഫെയർ പാർട്ടി- യുഡിഎഫിന് പരമാവധി സഹായം നൽകി വിജയത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ നിൽക്കുന്ന പിന്തുണയ്ക്ക് പകരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ മത്സരിക്കാൻ ലഭിക്കുക എന്നതും പാർട്ടി ഉന്നം വയ്ക്കുന്നു. 65 ഓളം വാർഡുകൾ എന്നത് മൂന്നിരട്ടിയാക്കാനാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നത്.
എസ് ഡി പി ഐ- പ്രധാന ശക്തിസ്രോതസായ പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏൽപ്പിച്ച തിരിച്ചടിയിൽ നിന്നും മുന്നോട്ടു പോകാനാണ് പാർട്ടി ശ്രമിക്കുന്നത് നിലവിലുള്ള 100 വാർഡുകൾ 500 ആയി ഉയർത്തി തനിച്ച് ശക്തി തെളിയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യവും വെല്ലുവിളിയും.
കേരള കോൺഗ്രസ് എം- സംസ്ഥാന സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് കർഷകർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് തങ്ങളുടെ സ്വാധീനമമേഖലകളെ ഉറപ്പിച്ചു നിർത്തുക എന്നതാണ് മാണി ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് നൽകിയിട്ടുള്ള ഉദാരമായ സമീപനം അണികൾക്ക് പാർട്ടിയോടൊപ്പം നിൽക്കാനുള്ള ആത്മവിശ്വാസം പകരുമെന്നാണ് നേതൃത്വത്തിന്റെ ചിന്ത. റബറിന്റെ താങ്ങുവില വന്യമൃഗത്തെ സംബന്ധിച്ച് ബില്ല് പട്ടയം സംബന്ധിച്ച് തീരുമാനം ഇതൊക്കെയും തങ്ങൾക്ക് അനുകൂലമാകും എന്നും പാർട്ടി കരുതുന്നു.
കേരള കോൺഗ്രസ് (ജോസഫ് )- പാർലമെൻറ് തിരഞ്ഞെടുപ്പിൽ സീറ്റ് നേടിയെങ്കിലും താഴെത്തട്ടിൽ സംഘടനാ തലത്തിലുള്ള ദൗർബല്യം പരിഹരിക്കുക എന്നതാണ് കേരള കോൺഗ്രസിലെ പ്രധാന ലക്ഷ്യം. നിയമസഭയിലേക്ക് പോകുന്നതിനു മുമ്പ് സ്വന്തം മേഖലയിൽ ശക്തി പിടിച്ചുനിർത്തുക എന്നത് തന്നെയാണ് പാർട്ടി നേരിടുന്ന വെല്ലുവിളി.
ട്വന്റി 20- നിലവിലുള്ള പഞ്ചായത്തുകൾ നിലനിർത്തുന്നതിനൊപ്പം ജില്ലയിൽ കൂടുതൽ ഇടങ്ങളിലേക്ക് ശക്തി വ്യാപിപ്പിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. അടുത്തുവരുന്ന നിയമസഭാചരണത്തിൽ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പുവരുത്തുക എന്നതാണ് ഇവർ നേരിടുന്ന ലക്ഷ്യവും വെല്ലുവിളിയും.
