വിധിയെഴുതി തെക്കൻ കേരളം
തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്.
ഈ ഏഴ് ജില്ലകളിൽ നടന്ന വോട്ടെടുപ്പിൽ 70.9 % പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളത്താണ്. 74.58 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 67.42 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം 67.42, കൊല്ലം 70.36, പത്തനംതിട്ട 66.78, ആലപ്പുഴ 73.76, കോട്ടയം 70.94, ഇടുക്കി 71.77, എറണാകുളം 74.58 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വൈകീട്ട് 6 മണിവരെയായിരുന്നു പോളിങ് സമയം. വരിയിലുണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു.
advertisement
കൊട്ടിക്കലാശം
തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണ കൊട്ടിക്കലാശം നടന്നത്. ബാന്റ് മേളം,ചെണ്ടമേളം,ഡി.ജെ എന്നിവ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും കലാശക്കൊട്ടിൽ പ്രകടിപ്പിച്ചിരുന്നു. റാലികൾ,റോഡ് ഷോകൾ,കൊടിതോരണങ്ങൾ,പേപ്പർ ബ്ലാസ്റ്റുകൾ എന്നിവയാൽ ആവേശം കത്തിക്കയറി. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് തിരശീല വീണത്. അവസാന മിനിട്ടിലും വിജയമുറപ്പിച്ചാണ് മൂന്നു മുന്നണികളും കളം വിട്ടത്.
കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന്റെ കാലാവധി 2027 സെപ്‌തംബർ 10വരെയായതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല. കണ്ണൂർ ജില്ലയിൽ 14, കാസർകോട് രണ്ട് എന്നിങ്ങനെ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
ഇന്ന് നടക്കേണ്ട തിരഞ്ഞെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവച്ചിരുന്നു. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. എറണാകുളം പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡ് , തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.
ഇന്ന് പുലർച്ചെയാണ് പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എസ് ബാബു മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു മരണം. ഷുഗർനില പെട്ടെന്ന് താഴ്ന്നതാണ് മരണകാരണം.
വിഴിഞ്ഞം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി വിഴിഞ്ഞം തെന്നൂർകോണം അഞ്ജു നിവാസിൻ ജസ്റ്റിൻ ഫ്രാൻസിസ്(60) ഇന്നലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഞാറവിള-കരയടി വിളറോഡിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇരിക്കയായിരുന്നു മരണം.
സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് നാളെ നടക്കുന്ന തെരഞ്ഞെടുപ്പും മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്
