എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് സാദിഖലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ അസൗകര്യം അറിയിച്ചിരുന്നു. എന്നാൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും വഖഫ് ബോർഡ് മുൻ ചെയർമാൻ റഷീദലി തങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിക്കുകയും നോട്ടീസിൽ പേരുവെക്കുകയും ചെയ്തിരുന്നു.
‘കുടുംബം ധാർമ്മികത’ എന്ന സെഷനിലായിരുന്നു റഷീദലി തങ്ങൾ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറിൽ മുനവറലി തങ്ങൾ പങ്കെടുക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സമസ്തയുടെ നേതാക്കള്‍ മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പതിവില്ലെന്ന് സമസ്ത നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ ഇരുവരും പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഫാസിസ്റ്റ് ഭീഷണിയില്ലെന്നുള്ള മുജാഹിദ് നേതാക്കളുടെ പ്രസ്താവനയും ബിജെപി നേതാക്കളെ സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ചതും സമസ്തയുടെ വിലക്കിന് കാരണമായി. മുനവറലി തങ്ങൾ വിദേശത്താണെന്നും റഷീദലി തങ്ങൾ മറ്റു ചില അസൗകര്യങ്ങള്‍ ഉണ്ടെന്ന് അറിയിച്ചു.
advertisement
സമസ്തയുടെ സമ്മര്‍ദ്ദത്തിന് പാണക്കാട് കുടുംബം വഴങ്ങിയതില്‍ മുജാഹിദ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനെത്തുടര്‍ന്നാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം. മുജാഹിദ് സമ്മേളനത്തിലും സമസ്തയ്ക്കും മുസ്ലിം ലീഗിനുമെതിരെ വിമർശനമുയര്‍ന്നു.
ദുർവാശിയുടെയും ദുശ്ശാഠ്യത്തിന്റെയും പൗരോഹിത്യകൂട്ടായ്മയാണ് സമസ്തയെന്നായിരുന്നു ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിലിന്‍റെ വിമര്‍ശനം. അവരുടെ ചട്ടിയിൽ മാത്രമേ കിടക്കൂ എന്ന തീരുമാനം മുസ്ലിം ലീഗിന് പാടില്ലെന്ന് ശരീഫ് കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ദുർബലപ്പെടുന്നതിൽ സമസ്തക്ക് വേദനിക്കില്ല, എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഇത് വേദനയുണ്ടാക്കുമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
പാണക്കാട് കുടുംബം സമ്മേളനത്തിൽ നിന്ന് പിൻ വാങ്ങിയതിനെതിരെയാണ് വിമർശനമെങ്കിലും മുജാഹിദ് നേതാക്കള്‍ ഉന്നം വെക്കുന്നത് സമസ്തയെത്തന്നെയാണ്. മുസ്ലിം ലീഗിനെ നിയന്ത്രിക്കാനുള്ള സമസ്തയുടെ ശ്രമങ്ങള്‍ ലീഗിനെ ഇല്ലാതാക്കുമെന്ന് മുജാഹിദ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഐ എസ് ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സമസ്ത നേതാക്കള്‍ ഉയര്‍ത്തയതും ഭിന്നത രൂക്ഷമാവാന്‍ കാരണമായി. മുജാഹിദ് പ്രസ്ഥാനത്തിന് ഐ എസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാന്‍ പോയവരെല്ലാം മുജാഹിദ് അണികളായിരുന്നു. ഇതിന്‍റെ പേരില്‍ നിരോധനം ഉണ്ടാവുമോയെന്ന ഭയമാണ് ബിജെപിയോടുള്ള മൃദുസമീപനത്തിന് പിന്നിലെന്ന് നാസര്‍ ഫൈസി ആരോപണമുന്നയിച്ചു.
ബി ജെ പിയോടുള്ള മൃദുസമീപനത്തിനെതിരെ മുജാഹിദ് സമ്മേളനത്തിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങൾക്ക് കോട്ടം തട്ടിയോ എന്ന് മുജാഹിദ് നേതൃത്വം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കണമെന്നും എതിർക്കേണ്ടവരെ എതിർത്തു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയോട് മുജാഹിദ് നേതൃത്വം മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം സമ്മേളനത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ജോണ്‍ ബ്രിട്ടാസും ബിനോയ് വിശ്വവും നടത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വർഗീയതയോട് വിട്ടു വീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ എസ് എസ് ഉണ്ടാക്കുന്ന ആപത്ത് കാണാതിരിക്കരുത്. ഓങ്ങി നിൽക്കുന്ന മഴുവിന് താഴെ കഴുത്ത് കാണിക്കരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്.