വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും ഇതുസംബന്ധിച്ച അന്വേഷണത്തിനും തുടർനടപടികൾക്കും നിർദേശം നൽകി. നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ അധികാരികൾക്കും അധികാരം നൽകിയിട്ടുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം (EPA 1986) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ ഇത്തരം കേസുകളിൽ ചെറിയ തുക മാത്രം പിഴ ഈടാക്കി വിട്ടയക്കുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ പുതിയ നിർദ്ദേശപ്രകാരം അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താനാണ് നീക്കം. കൂടാതെ, രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 10,000 രൂപ പിഴയും ഈടാക്കും.
advertisement
ഉത്സവങ്ങൾക്ക് ഡിജെ സംവിധാനമുള്ള വലിയ ലോറികൾ എത്തിക്കുന്നതിൽ വലിയ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം വാഹനങ്ങൾ പ്രധാനമായും എത്തുന്നത്. അതിതീവ്രമായ ശബ്ദം കാരണം വയോധികർ കുഴഞ്ഞുവീണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം റൂറൽ ഉൾപ്പെടെയുള്ള ജില്ലകളിൽ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി തുടങ്ങിയതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
