തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ 13 ജില്ലകളിലായി രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
24 ഗ്രാമപഞ്ചായത്ത് വാർഡിൽ എൽഡിഎഫ് 13 വാർഡിലും, യുഡിഎഫ് 10 വാർഡിലും എസ് ഡിപി ഐ ഒരു വാർഡിലും വിജയിച്ചു.
കാസർഗോഡ് (തിരഞ്ഞെടുപ്പ് നടന്നത് 3 വാർഡുകളിൽ) മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നതിനാൽ 28 വാർഡുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്.
advertisement
കോടോം ബേളൂർ പഞ്ചായത്തിലെ അയറോട്ട് സിപിഎം നിലനിർത്തി.
തിരുവനന്തപുരം ( തിരഞ്ഞെടുപ്പ് നടന്നത് 4 വാർഡുകളിൽ ) കോർപറേഷനിൽ ശ്രീവരാഹം വാർഡ് എൽ ഡി എഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർത്ഥി വി ഹരികുമാർ ബിജെപിയിലെ ആർ മിനിയെ 12 വോട്ടിന് തോൽപ്പിച്ചു.
പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സെയ്‌ദ് സബർമതിയാണ് വിജയിച്ചത്. കോൺഗ്രസ് അംഗമായിരുന്ന അജിലേഷിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ എസ് ഡിപിഐ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. മുജീബ് പുലിപ്പാറ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയപ്പോൾ കോൺഗ്രസ് ഏറെ പിന്നിലായി മൂന്നാമതായി.
കരുങ്കുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡ് കോൺഗ്രസ് സ്ഥാനാർഥി സേവ്യർ ജെറോൺ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു.
കൊല്ലം (6 ) കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കൽ ഡിവിഷനിൽ സിപിഐയിലെ മഞ്ജു സാം വിജയിച്ചു. 193 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഗ്രേസി സാമുവൽ (സിപിഐ) മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനിൽ സിപിഎമ്മിലെ വത്സലാ തോമസ് വിജയിച്ചു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ ഡിവിഷനിൽ കോൺഗ്രസിലെ ഷെറിൻ അഞ്ചൽ സിപിഐ സ്ഥാനാര്‍ത്ഥിയെ 877 വോട്ടിന് പരാജയപ്പെടുത്തി.
കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി സുരജാ ശിശുപാലൻ 595 വോട്ടിന് ബിജെപി സ്ഥാനാർത്ഥി അജിത സുരേഷിനെ പരാജയപ്പെടുത്തി. സിപിഎം അംഗമായിരുന്ന ബി ശ്യാമള മരിച്ചതിനെതുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
ക്ലാപ്പന പഞ്ചായത്ത് പ്രയാർ തെക്ക് രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാ ദേവി 277 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയെ പരാജയപ്പെടുത്തി.
ഇടമുളക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഷീജാ ദിലീപ് 24 വോട്ടിന് സിപിഎമ്മിനെ പരാജയപ്പെടുത്തി.
പത്തനംതിട്ട (3 )പത്തനംതിട്ട നഗരസഭയിൽ കഴിഞ്ഞ തവണ യുഡിഎഫ് വിമത ജയിച്ച സീറ്റിൽ ഇത്തവണ എൽഡിഎഫ് 3 വോട്ടിനു വിജയിച്ചു. കുമ്പഴ നോർത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ മാത്യുവാണ് ഷോബി റെജിയെ പരാജയപ്പെടുത്തിയത്. കൗൺസിലറായിരുന്ന ഇന്ദിരാമണിയമ്മ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതെഞ്ഞെടുപ്പ്.
അയിരൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തടിയൂർ വാർഡിൽ 116 വോട്ടിനാണു ജയം.
പുറമറ്റം പഞ്ചായത്തിൽ ഗ്യാലക്സി നഗർ വാർഡിൽ 152 വോട്ടിനു വിജയിച്ച് എൽഡിഎഫ് സീറ്റ് നിലനിർത്തി.
കോട്ടയം (1 ) രാമപുരം പഞ്ചായത്തിൽ ജിവി സ്കൂള്‍ വാർഡിൽ കോൺഗ്രസിന് ജയം. ടി.ആർ. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി കെ.ആർ.അശ്വതിയെ പരാജയപ്പെടുത്തി. എൽഡിഎഫിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച് ഇടതു പക്ഷത്തേക്ക് കൂറുമാറിയ ഷൈനി സന്തോഷിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.
ആലപ്പുഴ (2 ) മുട്ടാർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫും കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് എൽഡിഎഫും സീറ്റ് നിലനിർത്തി. മുട്ടാറിൽ കേരള കോൺഗ്രസിലെ ബിൻസി ഷാബു 15 വോട്ടിനു വിജയിച്ചു. യുഡിഎഫിന്റെ സീറ്റിങ് സീറ്റ് ആയ മൂന്നാം വാർഡിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ലിനി ജോളി കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ ലിനി ജോളിക്കു അയോഗ്യത കൽപിച്ചതോടെയായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കാവാലത്ത് എൽഡിഎഫ് സ്ഥാനാർഥി ഡി.മംഗളാനന്ദൻ 171 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇടുക്കി (1 ) ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിൽ ദൈവം മേട് എൽഡിഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ പരാജയപ്പെട്ട കേരളാ കോൺഗ്രസ് (എം ) സ്ഥാനാർഥി ബിനു ഇത്തവണ വിജയിച്ചു
എറണാകുളം (4 ) ജില്ലയിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്‌കൂൾ വാർഡ് കോൺഗ്രസിലെ മേരിക്കുട്ടി നിലനിർത്തി.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ പാണക്കാര ഇടത് സ്വതന്ത്രൻ അമൽ രാജ് യു ഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
അശമന്നൂർ മേതല സൗത്ത് കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ പരാജയപ്പെട്ട നൗഷാദ് സിപിഎമ്മിലെ ഇ.എം ശങ്കരനെ പരാജയപ്പെടുത്തി.
പായിപ്ര പഞ്ചായത്തിലെ നിരപ്പ് കോൺഗ്രസ് സിപിഐ യിൽ നിന്ന് പിടിച്ചെടുത്തു.
തൃശൂർ (1 ) ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് വാർഡ് സിപിഎം നിലനിർത്തി. ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്.
പാലക്കാട് (1 )മുണ്ടൂർ 12-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഎഡിഎഫ് സ്ഥാനാർഥി പ്രശോഭ് 346 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിജെപിയെ തോൽപ്പിച്ചു.
മലപ്പുറം ജില്ലയിൽ (2 )രണ്ടു സീറ്റിലും യുഡിഎഫ് വിജയിച്ചു. കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ലീഗ് സ്ഥാനാർഥി ജയിച്ചത് 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂർ മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്താണു കരുളായി.
കോഴിക്കോട് (1 ) പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി പുതിയോട്ടിൽ അജയനാണ് 20 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.
തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിന് എസ്ഡിപിഐയെ പരാജയപ്പെടുത്തി കോൺഗ്രസ് നേടിയത്.
കണ്ണൂർ (1 ) പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ അശോകൻ മരിച്ചതിനെ തുടർന്ന് മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 17,982 പുരുഷന്മാരും 20,937 സ്ത്രീകളും ഉൾപ്പെടെ ആകെ 38,919 പേർ (65.83%) വോട്ട് രേഖപ്പെടുത്തി. 87 സ്ഥാനാർഥികളാണു ജനവിധി തേടിയത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറപ്പെടുവിച്ചത്.