2006ൽ മുഖ്യമന്ത്രിയാകുമ്പോൾ വി എസ് അച്യുതാനന്ദൻ 83 വയസിലേക്ക് കടന്നിരുന്നു. അന്ന് എതിരാളികൾ വി എസിന്റെ പ്രായാധിക്യത്തെപ്പറ്റി ആക്ഷേപ വാക്കുകൾ ചൊരിഞ്ഞിരുന്നു. ഈ വയസ്സാംകാലത്ത് മുഖ്യമന്ത്രിയായി ജയിച്ചിട്ട് എന്തു ചെയ്യാനാണ് എന്ന മട്ടിലായിരുന്നു പരിഹാസ വാക്കുകൾ. എന്നാൽ വി എസിന് പ്രായം കേവലം സാങ്കേതികത്വം മാത്രമായിരുന്നു. 'തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം തലനരയ്ക്കാത്തതല്ലെൻ്റെ യൗവനം കൊടിയ ദുഷ്പ്രഭുത്വത്തിനു മുന്നിൽ തല കുനിക്കാത്തതാണെന്റെ യൗവനം' എന്ന ടി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ സ്വാതന്ത്ര്യ സമരകാലത്തെ കവിതാശകലം ചൊല്ലിക്കൊണ്ടായിരുന്നു ഇതിന് വി എസ് അന്നു മറുപടി നല്‍കിയത്.
advertisement
യൗവനകാലം മുതൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധാലു
യൗവനകാലം മുതൽ ആരോഗ്യ കാര്യങ്ങളിൽ വി എസ് പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ഭക്ഷണവും വ്യായാമവുമൊക്കെ ഇതനുസരിച്ച് ക്രമീകരിച്ചിരുന്നു. മുഖ്യമന്ത്രിയായി തിരക്കിലമർന്നപ്പോഴും വ്യായാമവും പതിവ് യോഗാസനവും അദ്ദേഹം മുടക്കിയില്ല. ശീർഷാസനമെന്ന താരതമ്യേന സങ്കീർണമായ യോഗാഭ്യാസവും 83-ാം വയസിലും വിഎസ് ചെയ്തിരുന്നു. നടപ്പ്, യോഗാസനം, വെയിൽ കായൽ എന്നിവയൊക്കെയാണ് 'വി എസ് ശൈലി'യിലെ വ്യായാമമുറകൾ.
ആദ്യമൊക്കെ ഒരു മണിക്കൂറെങ്കിലും നടക്കുമായിരുന്നു. പിന്നീടത് അരമണിക്കൂറും പത്തുമിനിറ്റും ഒക്കെയായി ചുരുക്കി. അതിനുശേഷമാണ് യോഗാസനങ്ങൾ. പത്മാസനംപോലെ താരതമ്യേന ലഘുവായ ആസനങ്ങൾക്കൊപ്പം അതിസങ്കീർണ്ണമായ ശീർഷാസനംവരെ അദ്ദേഹം പരിശീലിച്ചിരുന്നു. അതിരാവിലെ പത്തോ പതിനഞ്ചോ മിനിറ്റുനേരം മഞ്ഞവെയിൽ കൊള്ളുന്നതും ശീലമാക്കിയിരുന്നു. വൈറ്റമിൻ ഡിയുടെ അളവ് നിലനിർത്താനായിരുന്നു ഇത്. പ്രഭാതനടത്തം അദ്ദേഹത്തിന് നിർബന്ധമാണ്. മഴക്കാലത്ത് നിയമസഭയ്ക്കകത്ത് സഭാ മന്ദിരത്തിന്റെ ചുറ്റും വരാന്തയിൽക്കൂടി നടക്കും. വൈകുന്നേരങ്ങളിലും നടപ്പ് മുടക്കാറില്ല.
ഭക്ഷണകാര്യത്തിലും കാർക്കശ്യം
സസ്യാഹാരത്തോടാണ് വി എസിന് പ്രിയം. ചായയോ കാപ്പിയോ കഴിച്ചിട്ട് അരനൂറ്റാണ്ടിന് പുറത്താകും. വെള്ളം കുടിക്കണമെങ്കിൽ കരിക്കിൻ വെള്ളമാണ് താല്‌പര്യം. രാവിലെ ഒന്നോ രണ്ടോ ദോശയോ ഇഡ്ഡലിയോ മാത്രം. 11ണിയോടടുപ്പിച്ച് ആട്ടിൻപാലിൽ നിന്നുണ്ടാക്കുന്ന മോരിൽ ചില ഔഷധസസ്യങ്ങളെല്ലാം ഇടിച്ചു ചേർത്തുള്ള പാനീയം കഴിക്കും. ഇതിനായി ഔദ്യോഗിക വസതിയിൽ ആടുകളെ വളർത്തിയിരുന്നു. ഉച്ചയ്ക്ക് ലഘുഭക്ഷണം. ഭക്ഷണത്തിനുശേഷം അരമണിക്കൂർ ഉച്ചമയക്കവും പതിവാണ്. രാത്രിയിലെ ഭക്ഷണം രണ്ടോ മൂന്നോ കദളിപ്പഴവും പപ്പായയും, ചില സമയങ്ങളിൽ ഓട്സ് മാത്രവുമാണ്. വി എസ് ഫോം ബെഡ്ഡിൽ കിടക്കാറില്ല. ഉറങ്ങുന്ന സമയം പലകകൊണ്ടുള്ള കട്ടിലിലേ കിടക്കൂ.
ശയ്യാവലംബിയാക്കിയ സംഭവം
2019 ഒക്ടോബർ 24 ന് രാത്രിയായിരുന്നു വി എസിനെ ശയ്യാവലംബിയാക്കിയ ആ സംഭവം. തൊട്ടുതലേദിവസം ഒക്ടോബർ 23ന് പുന്നപ്ര-വയലാർ വാരാചാരണത്തിന്റെ ഭാഗമായുള്ള പുന്നപ്ര രക്തസാക്ഷിദിനമായിരുന്നു. അതിനും നാലു ദിവസം മുമ്പ് വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം തിരുവനന്തപുരത്ത് രണ്ടു സമ്മേളനങ്ങളിൽ പ്രസംഗിച്ചിരുന്നു. അതിൻ്റെ ആവേശത്തിലായിരുന്നു ഒക്ടോബർ 23 ന് രാവിലെ തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലേക്ക് തിരിച്ചത്.
രാവിലെ 11 മണിയോടെ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അതിനുശേഷം പുന്നപ്രയിലെ വീട്ടിലെത്തി ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകിട്ട് പുന്നപ്ര-പറവൂർ ജംഗ്ഷനിലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിനുശേഷം തിരുവനന്തപുരത്തേക്കു തിരിച്ചു. പിറ്റേ ദിവസം രാത്രി വൈകിയസമയത്ത് നേരിയ പക്ഷാഘാതമുണ്ടായി. ആദ്യം ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ശ്രീചിത്രാ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാഴ്ച നീണ്ടുനിന്ന ചികിത്സ ആശുപത്രി ഐ സി യൂണിറ്റിൽ. അതിനുശേഷം വീട്ടിൽ തിരിച്ചെത്തി.
ഫിസിയോ തെറാപ്പി അടക്കം ശാരീരികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ ആരംഭിച്ചു. വലതുഭാഗത്ത് പക്ഷാഘാതമുണ്ടായതുകൊണ്ട് എഴുന്നേറ്റുനടക്കുന്നതിനും പഴയതുപോലെ സംസാരിക്കുന്നതിനുമൊക്കെ പ്രശ്നങ്ങളുണ്ടായി.