TRENDING:

44-ാം വയസിൽ വിവാഹം; കുടുംബം വേണ്ടെന്നുവച്ച വിഎസിന്റെ മനസുമാറ്റിയത് ആ നേതാവ്

Last Updated:

അന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായി‌രുന്നു വി എസ്. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്. ആഭരണങ്ങളുടെ അലങ്കാരഭാരമൊ മുഹൂർത്തമോ വിവാഹസദ്യയോ ഒന്നുമുണ്ടായില്ല. വധൂവരന്മാർ പരസ്‌പരം മാലചാർത്തിയതു മാത്രമായിരുന്നു ഔപചാരികമായ ചടങ്ങ്. തികച്ചും ലളിതമായ വിവാഹം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജേഷ് വെമ്പായം
1967 ജൂലൈ 16 ഞായറാഴ്ച   44-ാം വയസിലായിരുന്നു വി എസിന്റെ വിവാഹം
1967 ജൂലൈ 16 ഞായറാഴ്ച   44-ാം വയസിലായിരുന്നു വി എസിന്റെ വിവാഹം
advertisement

തന്റെ ജീവിതം പാർ‌ട്ടിക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്ന ചിന്തയായിരുന്നു യൗവനകാലത്ത് വി എസ് അച്യുതാനന്ദന്. വിവാഹം, ഭാര്യ, കുട്ടികൾ, കുടുംബം എന്നിവയെല്ലാം പൊതുപ്രവർത്തനത്തിന് തടസങ്ങളായിരിക്കുമെന്ന് അദ്ദേഹം കരുതി. അതുകൊണ്ടുതന്നെ വിവാഹത്തെയോ കുടുംബത്തെയോപറ്റി സാധാരണ നിലയിൽ ഉണ്ടാകാവുന്ന വിചാര വികാരങ്ങളൊന്നും വി എസിനെ അക്കാലത്ത് അലട്ടിയിരുന്നില്ല. സാധാരണ യുവാക്കൾ 25-30 വയസ്സിനുള്ളിൽത്തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അന്ന്. എന്നാൽ‌, പിന്നീട് വൈകിയ വേളയിൽ അദ്ദേഹം വിവാഹത്തിന് തയാറായതിനു പിന്നിലും ഒരു സംഭവമുണ്ട്.

ആർ സുഗതന്റെ ജീവിതം കണ്ട‌് മനസുമാറിയ വിഎസ്

advertisement

1967 ഫെബ്രുവരി 21ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു വി എസ് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ്ററി രംഗത്തെ അദ്ദേഹത്തിന്റെ കന്നിവിജയമായിരുന്നു അത്. അപ്പോൾ പ്രായം 43 കഴിഞ്ഞിരുന്നു. വിവാഹമേ വേണ്ടെന്ന് വച്ച് ജീവിച്ച വി എസിന്റെ കടുംപിടിത്തം മാറ്റാനുള്ള കാരണം സഹപ്രവർത്തകനും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ആയിരുന്ന ആർ സുഗതനുമായി ബന്ധപ്പെട്ടിരിക്കുന്നു. അധ്യാപകൻ കൂടിയായിരുന്ന ആർ സുഗതന്റെ ജീവിതം പാർട്ടി പ്രവർത്തനത്തിനും പൊതു ജനസേവനത്തിനും വേണ്ടി മാത്രമായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു. 1970ൽ 69-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. അവസാന നാളുകളിൽ രോഗപീഡകൾ മൂലം അത്യന്തം ക്ലേശമനുഭവിച്ച നാളുകളിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയത്. കിടപ്പിലായ അദ്ദേഹത്തിന് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുപോലും പരസഹായം വേണ്ടിയിരുന്നു. ഭാര്യയോ കുടുംബമോ ഇല്ലാത്ത അദ്ദേഹത്തെ പരിചരിക്കാനുണ്ടായിരുന്നത് പാർട്ടി പ്രവർത്തകരായിരുന്നു.

advertisement

പാർട്ടി ഓഫീസിൽത്തന്നെ ‌ദുരിതപൂർണമായ ജീവിതവുമായി മല്ലടിക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ കാണാൻ വി എസ് എത്തി. മലമൂത്രവിസർജനത്തിനുപോലും പാർട്ടി പ്രവർത്തകരുടെ സഹായം തേടുന്ന സുഗതൻ സാറിൻ്റെ ദയനീയത വി എസിൻ്റെ ഉള്ളുലച്ചു. പ്രായമായി ആരോഗ്യമെല്ലാം നശിക്കുന്ന സമയത്ത് തനിക്കും ഇത്തരമൊരവസ്ഥ നേരിടേണ്ടിവരുമല്ലോ എന്ന ചിന്ത വി എസിനെ വല്ലാതെ അലട്ടി. ഈ ചിന്തകളാണ് വിവാഹത്തിലേക്ക് വിഎസിനെ എത്തിച്ചത്.

വസുമതിയുമായി വിവാഹം

1967 ജൂലൈ 16 ഞായറാഴ്ച   44-ാം വയസിലായിരുന്നു വി എസിന്റെ വിവാഹം. വധു ആലപ്പുഴ ജില്ലയിലെ കുത്തിയതോട് കോടുംതുരുത്ത് കൊച്ചുതറയിൽ കുഞ്ഞൻ - പാർവതി ദമ്പതികളുടെ മകൾ കെ വസുമതി. കുഞ്ഞിയതോട്-എരമല്ലൂർ മേഖലയിലെ അക്കാലത്തെ പ്രധാന പാർട്ടി പ്രവർത്തകനായിരുന്ന ടി കെ രാമൻ മുഖേനയാണ് വസുമതിയെ വി എസ് വധുവായി തിരഞ്ഞെടുത്തത്. വസുമതിയുടെ കുടുംബവുമായി ടി കെ രാമന് അടുപ്പമുണ്ടായിരുന്നു. പരമ്പരാഗതമായ പെണ്ണുകാണൽ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. അന്ന് സെക്കന്ദരാബാദ് ഗാന്ധി ആശുപത്രിയിൽ ജനറൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു വസുമതി. നാലുവർഷം നീളുന്ന പഠനത്തിനുശേഷം ഒരു വർഷം അവിടെത്തന്നെ നഴ്‌സായി ജോലി ചെയ്യണമെന്ന ബോണ്ട് വ്യവസ്ഥയുണ്ടായിരുന്നു. ബോണ്ടിന്റെ കാലാവധി തീരാൻ കഷ്ടിച്ച് ഒരു മാസമുള്ളപ്പോഴാണ് ഉടൻ വീട്ടിലെത്തണമെന്ന കമ്പി സന്ദേശം വസുമതിക്ക് ലഭിക്കുന്നത്. തൻ്റെ വിവാഹം വി എസ് അച്യുതാനന്ദൻ എം എൽ എയുമായി നിശ്ചയിച്ചിരിക്കുന്നു എന്ന വാർത്തയായിരുന്നു ആ കമ്പിസന്ദേശത്തിൽ മറഞ്ഞിരുന്നത്.

advertisement

അന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായി‌രുന്നു വി എസ്. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്. ആഭരണങ്ങളുടെ അലങ്കാരഭാരമൊ മുഹൂർത്തമോ വിവാഹസദ്യയോ ഒന്നുമുണ്ടായില്ല. വധൂവരന്മാർ പരസ്‌പരം മാലചാർത്തിയതു മാത്രമായിരുന്നു ഔപചാരികമായ ചടങ്ങ്. തികച്ചും ലളിതമായ വിവാഹം.

പിറ്റേന്ന് നവവധുവിനെ തനിച്ചാക്കി തലസ്ഥാനത്തേക്ക്

വിവാഹത്തിന് മുൻപ് പാർട്ടി ഓഫീസായിരുന്നു വി എസിന്റെ അഭയകേന്ദ്രം. അതിനാൽ വിവാഹത്തിനുശേഷം നവദമ്പതികൾക്കു താമസിക്കാനായി ആലപ്പുഴ പട്ടണത്തിനു സമീപം തന്നെ ഒരു ചെറിയ വീട് പാർട്ടി ഏർപ്പാടാക്കി. അന്നൊരു രാത്രി വിഎസ് വസുമതിക്കൊപ്പം അവിടെ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും അവിടെ തങ്ങാനാവശ്യമായ വീട്ടുസാധനങ്ങളും പലചരക്കു സാധനങ്ങളുമൊക്കെ സംഘടിപ്പിക്കാൻ വീട്ടുകാരുടെ ശ്രമമുണ്ടായെങ്കിലും അതെല്ലാം വി എസ് വിലക്കി. വിവാഹത്തിൻ്റെ പിറ്റേദിവസംതന്നെ ഭാര്യയെ കോടംതുരുത്തിലുള്ള അവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തിയിട്ട് വി എസ് തിരുവനന്തപുരത്തേക്ക് വണ്ടികയറി.

advertisement

നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ട് സമ്മേളനത്തിൽനിന്നും വിട്ടു നിൽക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. വിവാഹപ്പിറ്റേന്നു തന്നെ നവവധുവിനെ തനിച്ചാക്കി പാർട്ടി പ്രവർത്തനത്തിൻ്റെ തിരക്കുകളിലേക്ക് മടങ്ങിയതിൽ വസുമതിക്ക് വിഷമം തോന്നാതിരുന്നില്ല. എന്നാൽ പാർട്ടിയെയും പൊതുപ്രവർത്തനത്തെയും വരിച്ചതിനുശേഷമായിരുന്നുവല്ലോ വി എസ് തന്നെ വരണമാല്യം ചാർത്തിയത് എന്ന സമാധാനത്തിൽ അവർ കുടുംബിനിയുടെ റോൾ ഭംഗിയായി ഏറ്റെടുത്തു.

വേലിക്കകത്ത് വീട്

വിവാഹത്തിന് പിന്നാലെ വസുമതിക്ക് സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ആദ്യം ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് ആല‌പ്പുഴ മെഡിക്കൽ കോളേജിലും നഴ്‌സായി സേവനമനുഷ്ഠിച്ചു. കടപ്പുറത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് വസുമതി മൂത്തമകൾ ആശയെ പ്രസവിക്കുന്നത്. മകളെ പ്രസവിക്കുന്ന സമയത്തും വി എസ് അടുത്തുണ്ടായിരുന്നില്ല. എംഎൽഎയുടെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ആലപ്പുഴ കളക്റ്റേറിൽ ചേർന്ന ഒരു യോഗത്തിൽ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടത്. ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്യപ്പെട്ട് വീട്ടിലേക്കു പോകാൻ നേരവും വി എസ് പൊതുപ്രവർത്തനത്തിൻ്റെ തിരക്കുകളിലായിരുന്നു. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയാണ് വാടകവീട്ടിലേക്ക് പോയതെന്ന് വസുമതി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

രണ്ടുവർഷത്തിനുശേഷം മകൻ അരുൺകുമാർ പിറന്നു. ഇതിനുശേഷമാണ് വി എസിന് സ്വന്തമായി വീടുണ്ടാകുന്നത്. അതാണ് ഇപ്പോഴത്തെ വേലിക്കകത്ത് വീട്. അന്ന് ഈ വീടും പറമ്പും ജ്യേഷ്ഠസഹോദരൻ ഗംഗാധരന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു. അത് വി എസ് വിലകൊടുത്ത് വസുമതിയുടെ പേരിൽ വാങ്ങുകയായിരുന്നു. ഓടിട്ട ചെറിയൊരു വീടും പുരയിടവും. ഈ ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം കേരളമാകെ വ്യാപിച്ചു തുടങ്ങിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ ഇടയ്ക്ക് ഡൽഹി യാത്രയും ഒഴിവാക്കാനാവാത്തതായിരുന്നു. ‌അതോടെ കുടുംബഭാരം ഏറക്കുറെ പൂർണമായും വസുമതിയുടെ ചുമലിലായി. അവരത് നന്നായി നിര്‍വഹിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
44-ാം വയസിൽ വിവാഹം; കുടുംബം വേണ്ടെന്നുവച്ച വിഎസിന്റെ മനസുമാറ്റിയത് ആ നേതാവ്
Open in App
Home
Video
Impact Shorts
Web Stories