എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ്, ഡിസംബറിൽ അന്താരാഷ്ട്ര വിമാനയാത്രാ ട്രാഫിക്കിന്റെ കാര്യത്തിൽ കൊച്ചി വിമാനത്താവളം രാജ്യത്തെ മൂന്നാം സ്ഥാനം നിലനിർത്തിയത്. 2021ന്റെ തുടക്കം മുതൽ ഈ നേട്ടം സിയാൽ (CIAL) നിലനിർത്തിയിരുന്നു.
കേരളത്തിലെ ശേഷിക്കുന്ന മൂന്ന് വിമാനത്താവളങ്ങളിൽ (Airport) രണ്ടെണ്ണം 2021ലെ അന്താരാഷ്ട്ര ട്രാഫിക്കിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് (ആറാം സ്ഥാനം), തിരുവനന്തപുരം (എട്ടാം സ്ഥാനം) വിമാനത്താവളങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.
advertisement
2021 ഡിസംബറിലെ അന്താരാഷ്‌ട്ര ട്രാഫിക്ക് സംബന്ധിച്ച എഎഐയുടെ കണക്കുകൾ അനുസകരിച്ച് 8,42,582 യാത്രക്കാരുമായി ഡൽഹി വിമാനത്താവളം ഒന്നാമതെത്തി. 4,51,212 യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനം നിലനിർത്തി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 3,01,338 യാത്രക്കാരാണ് അന്താരാഷ്ട്ര യാത്ര നടത്തിയത്. 2,46,387 യാത്രക്കാരുമായി ചെന്നൈം നാലാം സ്ഥാനത്തെത്തി.
2021ൽ കൊച്ചി വിമാനത്താവളം ആകെ കൈകാര്യം ചെയ്തത് 43,06,661 യാത്രക്കാരെയാണ്. അതിൽ 18,69,690 പേർ രാജ്യാന്തര യാത്രക്കാരാണ്. 2020നേക്കാൾ 2021-ൽ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം വർദ്ധിച്ചു. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാൻ മാനേജ്‌മെന്റ് സ്വീകരിച്ച മുൻകരുതൽ നടപടികളാണ് ട്രാഫിക്കിലെ വളർച്ചയ്ക്ക് കാരണമെന്ന് കൊച്ചിൻ എയർപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് (CIAL) എംഡി എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാ അന്താരാഷ്ട്ര ട്രാവൽ ഹബ്ബുകളിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സിയാൽ ചെയർമാൻ പിണറായി വിജയനും ഡയറക്ടർ ബോർഡും സ്ഥിരമായി പരിശ്രമിച്ചിരുന്നു. കോവിഡ് കേസുകൾ വർധിച്ചിട്ടും, സുഗമമായ ഗതാഗതം ഉറപ്പാക്കാൻ സിയാലിന് കഴിഞ്ഞു. യാത്രക്കാരിലും മറ്റ് പങ്കാളികളിലും ആത്മവിശ്വാസം വളർത്തുന്നതിനായി നിരവധി നടപടികൾ വിമാനത്താവളത്തിൽ നടപ്പിലാക്കി. കഴിഞ്ഞ വർഷം (2021) എയർ ഇന്ത്യ യുകെയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു. സിംഗപ്പൂർ എയർലൈൻസ് 2021 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ചു. ഉടൻ തന്നെ കൊച്ചി-ബാങ്കോക്ക് സെക്ടറിൽ സർവീസ് നടത്താനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിമാനത്താവളങ്ങൾ 2021 ഡിസംബറിൽ മൊത്തം 2.5 കോടി യാത്രക്കാർക്ക് സേവനം നൽകി. നവംബറിൽ 2.3 കോടിയും ഒക്ടോബറിൽ 1.9 കോടിയും സെപ്റ്റംബറിൽ 1.5 കോടിയും ഓഗസ്റ്റിൽ 1.4 കോടിയും യാത്രക്കാരാണ് ഇന്ത്യൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്. അതേസമയം, ഇന്ത്യൻ വിമാനത്താവളങ്ങൾ ഡിസംബറിൽ 2.2 കോടി ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്തു.