റോഡ് നിർമ്മാണം, സ്ട്രീറ്റ് ലൈറ്റുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ, മാലിന്യ നിർമാർജ്ജന രംഗത്തെ നവീകരണം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു. ഹരിതകർമസേനയുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്തതിലൂടെ മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമായി. കുന്നേറ്റിമലയിൽ 1.28 ലക്ഷം രൂപയുടെ ചെലവിൽ പുതിയ മാലിന്യ സംസ്‌കരണ പ്ലാൻ്റ് നിർമാണം പുരോഗമിക്കുകയാണ്. കെ.എസ്.ഡബ്ല്യു.എം.ൻ്റെ സഹായത്തോടെ നാലര കോടി രൂപയുടെ സമഗ്ര മാലിന്യ നിർമാർജന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.
കണ്ണേറ്റിമലയിലെ ശ്മശാന പ്രദേശം പുനരുദ്ധരിച്ച് പാർക്കായി മാറ്റിയത് നഗരത്തിൻ്റെ മുഖച്ഛായ മാറ്റിയ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് വീടുകൾക്കും ടോയ്ലറ്റുകൾക്കുമുള്ള മെയിൻ്റനൻസ് ഫണ്ട് വിതരണം ചെയ്തു. കലയുടെയും സംസ്കാരത്തിൻ്റെയും വളർച്ചയ്ക്കായി അത്തച്ചമയവും വള്ളംകളിയും ഉൾപ്പെടെ സാംസ്കാരിക പരിപാടികൾ നഗരസഭ സംഘടിപ്പിച്ചിട്ടുണ്ട്. വയോമിത്രം പദ്ധതിയിലൂടെ മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനായി. സ്ത്രീകൾക്ക് സൈക്കിൾ, നീന്തൽ, യോഗാ പരിശീലനം തുടങ്ങിയ പദ്ധതികൾ വഴി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മുന്നോട്ടു കൊണ്ടുപോകാൻ നഗരസഭക്ക് കഴിഞ്ഞു. റിസോഴ്സ് പേഴ്സൺ പി കെ ബാലകൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement