പുലർച്ചെ അഞ്ചുമണിയോടെ ടോയ്‌ലറ്റിനുള്ളിലായിരുന്നു യുവതി പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിൾക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സൽ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റിയ പാടുണ്ട്. അതിനാൽ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത് കൊച്ചിൻ ഷിപ്പിയാർഡിലെ കരാർ ഡ്രൈവറായ ജിതിനാണ്. കാറുമായി വരുമ്പോഴായിരുന്നു മൃതദേഹം കാണുന്നത്. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാൽ രക്തവും മറ്റും കണ്ടതോടെ സംശയമായി. കൂടുതൽ പരിശോധിച്ചപ്പോൾ നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് സമീപവാസികളുടെയും ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും വിവരമറിയിച്ചു. അവരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്തായത്.
advertisement
അതിനിടെ യുവതിയെ വൈദ്യസഹായത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കുഞ്ഞിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ച ആമസോൺ പാഴ്സൽ കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് സൂചന ലഭിച്ചത്. രക്തക്കറമൂലം കവറിലെ വിലാസം വ്യക്തമായിരുന്നില്ലെങ്കിലും ബാർകോഡ് വ്യക്തമായിരുന്നു. ഇതുകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫ്ളാറ്റിന് മുന്നിലെ ഒഴിഞ്ഞപറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.