പ്രാഥമിക ഘട്ടത്തിൽ കുമ്പളങ്ങി, കുട്ടമ്പുഴ, അയ്യമ്പുഴ, രായമംഗലം, രാമമംഗലം, ഇലഞ്ഞി, കല്ലൂർക്കാട്, ചെങ്ങമനാട്, ഞാറക്കൽ, മലയാറ്റൂർ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുക. ജനകീയ പങ്കാളിത്തത്തോടുകൂടി മഴമാപിനികൾ സ്ഥാപിക്കുന്നതിലൂടെ ജനങ്ങൾക്ക് അവരുടെ പ്രദേശത്തെ മഴയുടെ ഏറ്റക്കുറച്ചിലുകൾ പഠിക്കുവാൻ സാധിക്കും. ഇത് പൊതുജനങ്ങളിൽ കാലാവസ്ഥ സാക്ഷരത വർദ്ധിപ്പിക്കുന്നു. കൂടാതെ ഇതുവഴി പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാനും നയ രൂപീകരണത്തിനും പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കും എന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
advertisement
ജില്ലാ ഭരണകൂടത്തിൻ്റെയും ഹരിതകേരളം മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുസാറ്റ്, വയനാട് ഹ്യൂംസ് സെൻ്റർ, തുരുത്തികര സയൻസ് സെൻ്റർ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ജില്ലയിൽ മഴമാപിനികൾ സ്ഥാപിക്കുന്നത്. 'മഴമാപിനികളുടെ പ്രാധാന്യവും പ്രാദേശിക ഭരണകൂടത്തിൻ്റെ ഇടപെടലും' എന്ന വിഷയത്തിൽ കുസാറ്റ് റഡാർ സെൻ്റർ ഡയറക്ടർ ഡോ. എസ് അഭിലാഷ് ക്ലാസെടുത്തു. ഹ്യൂം സെൻ്റർ ക്ലൈമറ്റ് ആക്ഷൻ ലീഡർ എ. ആർ. രഞ്ജിനി, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ്, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി, സയൻസ് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി. എ. തങ്കച്ചൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.