കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴികാടനും ഇടതുമുന്നണിയിലെത്തി. ഇത്തവണ രണ്ടിലയും ഓട്ടോറിക്ഷയും തമ്മിലുള്ള കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ മത്സരത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുക. ജില്ലാ വരണാധികാരി ചിഹ്നം അനുവദിച്ചതിന് പിന്നാലെ ഓട്ടോയിലിരിക്കുന്ന ഫ്രാൻസിസ് ജോര്‍ജിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ യുഡിഎഫ് പ്രവർത്തകർ പോസ്റ്റ് ചെയ്തു.
ഇതിനിടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം ഫലം കണ്ടില്ല. ഇന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയ സജി മഞ്ഞകടമ്പിൽ മോൻസ് ജോസഫിനെതിരെ വീണ്ടും ആരോപണം ഉന്നയിക്കുകയും ചെയ്തു. പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസിൽ കയറിയാണ് സജി, കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെ എം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞത്. സജി മഞ്ഞകടമ്പിലിനെ പ്രശംസിച്ച് ജോസ് കെ മാണിയും രംഗത്തുവന്നതോടെ അദ്ദേഹം ജോസ് പക്ഷത്തെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
advertisement