വിലങ്ങാട് പാരിഷ് ഹാളിലും വട്ടച്ചിറ സാംസ്‌കാരിക നിലയത്തിലുമായി നടന്ന ക്യാമ്പുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ 350ലേറെ പേര്‍ പ്രയോജനപ്പെടുത്തി. രേഖകളില്ലാത്തവര്‍ക്കുള്ള ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാക്കി. കൈവശമുള്ള രേഖകള്‍ നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കി.
രേഖകള്‍ എടുക്കാന്‍ ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവര്‍ക്ക് ഉന്നതി പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി 100 ശതമാനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികള്‍ക്ക് അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ 2023 മെയ് മാസം പ്രത്യേക ക്യാമ്പയിന് കോഴിക്കോട് തുടക്കം കുറിച്ചിരുന്നു. അടിസ്ഥാന രേഖകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയില്‍ വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.
advertisement
ജില്ലാ ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ്, ഐടി മിഷന്‍, അക്ഷയ, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകള്‍, ജില്ലാ കളക്ടറുടെ ഇൻ്റേണ്‍സ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.
