സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷനായി. ഫെസ്റ്റുമായി ബന്ധപ്പെട്ട സബ് കമ്മിറ്റികൾ ഉടൻ ചേർന്ന് ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പ്രഖ്യേത കർമ്മപദ്ധതി തയ്യാറാക്കുമെന്നും ബേപ്പൂരിലേക്ക് പ്രത്യേക ജങ്കാർ സർവ്വീസ് ഉൾപ്പെടുന്ന സാധ്യതകൾ പരിശോധിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. പാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുടെ അന്തിമ രൂപമായതായി സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ അറിയിച്ചു.
advertisement
ഡിസംബർ 26, 27, 28 തീയതികളിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് കോഴിക്കോട് അരങ്ങേറുന്നത്. ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്മാൻ പാർക്ക് എന്നിവ വേദിയാകും. ഡിസംബർ 25 മുതൽ 29 വരെ ബേപ്പൂരിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. മാനാഞ്ചിറ സ്‌ക്വയറിൽ പ്രത്യേക വൈദ്യുതാലങ്കാരങ്ങളും ഡിസംബർ 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28ന് ചാലിയിൽ നിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളിൽ വൈകിട്ട് വിവിധ വേദികളിൽ ബേപ്പൂർ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുന്നതാണ്.
