വൈകിട്ട് 5 ഓടെ തന്നെ സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞു തുടങ്ങിയിരുന്നു. ബൈക്ക് സ്റ്റണ്ടുമായി വിദേശ താരം സെബാസ്റ്റ്യൻ കാണികളെ ആവേശം കൊള്ളിച്ചതോടെ ഗ്യാലറി ഉണർന്നു. പുതിയ ഓഫ് റോഡ് ബൈക്ക് കെ എൽ എക്സ് മൈതാനത്ത് ആവേശം വിതറി പ്രദർശനയോട്ടം നടത്തിയതോടെ സ്റ്റേഡിയത്തിലെ കാണികൾ ആവേശഭരിതരായി.
കാവസാക്കി കെ എക്സ് 450, യമഹ വൈ സെഡ് 250, കെടിഎം 250 എസ് എഫ് എക്സ് തുടങ്ങിയ സാഹസിക ഓഫ് റോഡിംഗിലെ ഏറ്റവും മികച്ച ബൈക്കുകളാണ് സ്റ്റേഡിയത്തിലെ ട്രാക്കിൽ മണ്ണ് ചീറ്റിതെറിപ്പിച്ച് ചാടി പറന്നത്. ഉയർന്നും താഴ്ന്നും കിടക്കുന്ന ട്രാക്കിൽ രണ്ടും മൂന്നും മൺകൂനകൾ ചാടിപ്പറന്നാണ് ബൈക്കുകൾ മറികടന്നത്. ഇതിനിടെ ചില ബൈക്കുകൾ നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. വീണിടത്തുനിന്ന് വാശിയോടെ ബൈക്കുമായി ട്രാക്കിൽ ഇറങ്ങിയവർക്ക് കാണികളുടെ കയ്യടിയും കിട്ടി. ഫൈനലിൻ്റെ അവസാന റൗണ്ട് മത്സരം തുടങ്ങാൻ ഇരിക്കവെയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദിയിലെത്തിയത്. ഫൈനൽ മത്സരം ആവേശത്തോടെ കണ്ട താരം ചാമ്പ്യൻമാരെ ബിഗ് റോക്ക് മോട്ടോഴ്സ് സ്പോർട്സിന് ട്രോഫി നൽകിയ ശേഷമാണ് വേദി വിട്ടത്.
advertisement
