ഉദ്ഘാടന ചിത്രങ്ങളായി പലസ്തീൻ പ്രമേയമായി വരുന്ന രണ്ട് ചിത്രങ്ങൾ, ഹംദി എൽഹുസൈനി, സമർ ടെഹർ ലുലു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത പലസ്തീൻ ചിത്രം അഡാസ് ഫലസ്തീൻ, മഹ്മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത ഈജിപ്ഷ്യൻ ചിത്രം ദി ലാസ്റ്റ് ഡേ എന്നിവ പ്രദർശിപ്പിച്ചു. നവമ്പർ 6 മുതൽ 9 വരെ കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ വിഭാഗങ്ങളിലായി 100 ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും.
advertisement
ഫെസ്റ്റിവലിൻ്റെ ഏറ്റവും വലിയ ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകൾ പ്രർശിപ്പിക്കും. മികച്ച ചിത്രത്തിന് അരലക്ഷം രൂപയുടെ കാഷ് അവാർഡും ഉണ്ട്. ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ ഇറാനിയൻ സംവിധായകൻ സൊഹൈൽ പര്യാനിയുടെ 6 സിനിമകളും മലയാളി സംവിധായകൻ രാജേഷ് ജെയിംസിൻ്റെ 3 ചിത്രങ്ങളും പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ 14 ഇറാനിയൻ സിനിമകൾ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 31 ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 45 ചിത്രങ്ങളും പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമാ വിഭാഗത്തിലെ 22 ചിത്രങ്ങൾ മലയാള സിനിമകളാണ്.
ബംഗാളി സംവിധായകൻ ഋതിക് ഘട്ടക്കിൻ്റെ 100-ാമത് ജന്മവാർഷികത്തിൻ്റെ ഭാഗമായി ഉസ്താദ് അലാവുദ്ദീൻ ഖാനെക്കുറിച്ച് ഋതിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും. നദീം നൗഷാദ് കുറേറ്റ് ചെയ്യുന്ന മൂവീസ് ഓൺ മ്യൂസിക് വിഭാഗത്തിൽ മണി കൗളിൻ്റെ സിദ്ധേശ്വരി, ഗുൽസാറിൻ്റെ പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നീ ഡോക്യുമെൻ്ററികൾ പ്രദർശിപ്പിക്കും.
ഉദ്ഘാടന ദിവസം പ്രത്യേക പ്രദർശനമായി ബഷീർ കൃതികളെ അവലംബിച്ച് ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത അനൽഹഖ്, എം.ടി.യുടെ നിർമാല്യം സിനിമയുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററി, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ നിർമാണത്തിൽ മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത നിർമാല്യം പി.ഒ. എന്നിവ പ്രദർശിപ്പിച്ചു. മിനിമൽ സിനിമ ഫിലിം സൊസൈറ്റിയും ന്യൂവേവ് ഫിലിം സ്കൂളും ചേർന്നാണ് അന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്രമേള ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
