വെള്ളിമാടുകുന്നിലെ സർക്കാർ വയോജന മന്ദിരത്തോടു ചേർന്നാണ് നിലവിലെ സഖി വണ്‍ സ്റ്റോപ്പ് സെൻ്റർ പ്രവർത്തിക്കുന്നത്. ഇതിനു പുറമെയാണ് പുതിയ കേന്ദ്രത്തിന് അനുമതിയായത്.
2019 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചതു മുതൽ വെള്ളിമാടുകുന്നിലെ കേന്ദ്രം വഴി 2155 സ്ത്രീകൾക്കാണ് സഹായം നൽകിയത്. ഇതുവരെ ആ കൈ 856 പേർക്കാണ് കൗൺസിലിംഗ് നൽകിയത്. 717 പേർക്ക് താൽക്കാലിക താമസ സൗകര്യവും 385 പേർക്ക് പോലീസ് സഹായവും 335 പേർക്ക് നിയമസഹായവും 92 പേർക്ക് വൈദ്യ സഹായവും നൽകാനായി.
advertisement
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളിലാണ് ജില്ലയിൽ ഏറ്റവുമധികം പേർ സഖിയിൽ അഭയം തേടിയത്. 1176 പരാതികളാണ് ഇങ്ങനെ ലഭിച്ചത്. 63 ബലാൽസംഗ പരാതികളും 39 ലൈംഗീകാതിക്രമ പരാതികളും ബാലവേലയുമായി ബന്ധപ്പെട്ട 63 പരാതികളും തട്ടിക്കൊണ്ടുപോകൽ/കാണാതായതുമായി ബന്ധപ്പെട്ട് 97 പരാതികളും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 74 പരാതികളും ഇതിനോടകം ലഭിച്ചു. ഇതിനു പുറമെ സൈബർ കുറ്റകൃത്യം, മാനസിക സാമൂഹിക പ്രശ്നങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാർക്കും സഖി അഭയമായിട്ടുണ്ട്.
നിലവിൽ എല്ലാ ജില്ലയിലും ഒരു സഖി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂർ സൗജന്യ സഹായമാണ് കേന്ദ്രങ്ങൾ വഴി നൽകുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വൈദ്യസഹായം, നിയമസഹായം, താൽക്കാലിക അഭയം, കൗൺസിലിംഗ്, പോലീസ് സേവനം തുടങ്ങിയവയാണ് സഖിയിലൂടെ നൽകുന്ന സേവനങ്ങൾ. അതിജീവിതയ്ക്ക് പരമാവധി അഞ്ചു ദിവസം കേന്ദ്രങ്ങളിൽ താമസിക്കാം. ആവശ്യം വന്നാൽ അത് 10 ദിവസം വരെ നീട്ടി നൽകും. 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും ഇവർക്കൊപ്പം താമസിക്കാം. കേന്ദ്ര വനിതാ ശിശു വികസന വകുപ്പാണ് കേന്ദ്രങ്ങൾ നിർദേശിക്കുന്നതും അനുമതി നൽകുന്നതും.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കേന്ദ്രത്തിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെയും കൗൺസിലറുടെയും സേവനം ഇവിടെ ലഭ്യമാണ്.
