കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ ഘട്ടമെന്നനിലയിൽ 40 കുട്ടികൾക്ക് സിജിഎം നൽകി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കളക്ടർ സ്നേഹിൽകുമാർസിങ് സിജിഎം വിതരണം ചെയ്തൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉദ്പാദിപ്പിക്കാനുള്ള സംവിധാനം ശരീരത്തിൽ ഇല്ലാത്തതിനാലാണ് ടൈപ്പ് വൺ പ്രമേഹമുണ്ടാകുന്നത്. സംസ്ഥാനത്തെ 3000-ത്തിലേറെ ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളിൽ 200-ലേറെയും കോഴിക്കോട്ടാണ്.
നിലവിൽ രക്തം കുത്തിയെടുത്ത് പഞ്ചസാരയുടെ അളവ് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഒരുദിവസം ചുരുങ്ങിയത് ഏഴുതവണയെങ്കിലും കുത്തേണ്ടിവരും. ഇത് കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഷുഗർ കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ ഹൈപർ ഗ്ലൈസീമിയ, ഹൈപ്പോ ഗ്ലൈസീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാവും. അത് ജീവനെത്തന്നെ ബാധിക്കുന്നതാണ്. അത്തരം പ്രശ്നം മറികടക്കാനാണ് സിജിഎം ശരീരത്തിൽ ഘടിപ്പിക്കുന്നത്. ടൈപ്പ് വൺ സമ്പൂർണപരിരക്ഷയൊരുക്കുന്ന ഇന്ത്യയിലെത്തന്നെ ആദ്യത്തെ ജില്ലയായി കോഴിക്കോടിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സിജിഎം നൽകുന്നത്. സ്കൂളിലെ അധ്യാപകർക്ക് ഡയറ്റിൻ്റെ നേതൃത്വത്തിൽ പരിശീലനവും നൽകും.
advertisement

