ഗ്രാമീണ മേഖലകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമിച്ച കവാടം, കളരിക്കണ്ടിയിൽ നിർമിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടം, പിലാശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റ് വിഹിതത്തിൽ ഏറ്റവും കൂടുതൽ തുക ആരോഗ്യ മേഖലയിൽ ചെലവഴിച്ചതിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
advertisement
പി ടി എ റഹീം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് കളരിക്കണ്ടിയിൽ ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടം നിർമിച്ചത്. ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൽ നിന്നുള്ള 60 ലക്ഷം രൂപ ചെലവിട്ടാണ് പിലാശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടം ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള എട്ട് ലക്ഷം രൂപയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ചുറ്റുമതിലും കവാടവും ഒരുക്കാൻ വിനിയോഗിച്ചത്.
കളരിക്കണ്ടിയിൽ നടന്ന ചടങ്ങിൽ പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രൻ തിരുവലത്ത്, യു സി പ്രീതി, ശബ്ന റഷീദ്, അസി. എഞ്ചിനീയർ റൂബി നസീർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
