നാല് വയസ്സുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കയ്യിലെ ആറാം വിരൽ നീക്കാനാണ് മെഡിക്കൽ കോളേജിലെത്തിയത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കുട്ടിയെ പുറത്തെത്തിച്ചത് നാവിന് ശസ്ത്രക്രിയ നടത്തിയ ശേഷമാണ്. ഡോക്ടർ കുറിപ്പെഴുതിയത് മാറിപ്പോയതാണ് സംഭവത്തിന് കാരണമായത്. അടുത്ത കുട്ടിയുടെ ശസ്ത്രക്രിയയുടെ വിവരങ്ങൾ നാലുവയസുകാരിയ്ക്ക് എഴുതി. നാലുവയസുകാരിയ്ക്കും നാക്കിന് തകരാറുണ്ടായിരുന്നു.
advertisement
ഈ അപാകത പരിഹരിയ്ക്കപ്പെട്ടു. എന്നാൽ കുടുംബത്തെ അറിയ്ക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. ആശയവിനിമയത്തിലെ അപാകതയാണ് കാരണം എന്നാണ് വിശദീകരണം. കുട്ടി പൂർണ്ണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു.
ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്.