കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ച 14 കോൺഗ്രസ്
എംപിമാരിൽ പകുതിയിലേറെ പേരും ചടങ്ങിനെത്താത്തത് ചർച്ചക്ക് വഴിവച്ചിരിക്കുകയാണ്. അതേസമയം പുതിയ ഭാരവാഹികളുമായി ഹൈക്കമാൻഡ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടു നിന്ന് മുൻ കെപിസിസി അധ്യക്ഷൻ കൂടിയ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് കെ സുധാകരനും വിട്ടുനിന്നു.
എഐസിസി
സംഘടനാകാര്യ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരനും സ്ഥാനമൊഴിഞ്ഞ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും യുഡിഎഫ് കൺവീനറായി ചുമതലയേറ്റ അടൂർ പ്രകാശും വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലും പങ്കെടുത്തു.
advertisement
സ്ഥാനാരോഹണ ചടങ്ങിൽ വേദിയിൽ പ്രത്യേകിച്ച് റോളില്ലാത്ത എംപിമാരിൽ ഹൈബി ഈഡൻ മാത്രമാണ് പങ്കെടുത്തത്.
അതേസമയം പുനഃസംഘടനയിൽ നിർണായക പദവിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബെന്നി ബഹനാൻ ഒഴിവാക്കപ്പെട്ടതും എം എം ഹസനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതും എ ഗ്രൂപ്പിനെതിരായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ നേതൃമാറ്റത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ പുതിയ നേതൃനിരയെ ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും മുൻ അധ്യക്ഷൻ കെ സുധാകരൻ ഡൽഹിക്ക് പുറപ്പെടാതെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങി.
അധ്യക്ഷസ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന ആന്റോ ആന്റണി ഉൾപ്പെടെ 7 എംപിമാർ കഴിഞ്ഞദിവസം കെപിസിസിയിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് നേതൃത്വത്തോടുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിൽ ആണെന്നാണ് സൂചന.
ചടങ്ങിൽ പങ്കെടുക്കാത്തവർ
പ്രിയങ്ക ഗാന്ധി അടക്കം 14 കോണ്‍ഗ്രസ് എംപിമാരാണ് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ളത്. 7 എംപിമാരും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗം ശശി തരൂർ, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, വി കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തില്ല.
ഗ്രൂപ്പുകൾക്കിടയിൽ അമർഷം പുകയുന്നതിനിടയിൽ ഡിസിസി പുനഃസംഘടനയും ഉടൻ ഉണ്ടാകും എന്നാണ് വിവരം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി നടത്തിയ നേതൃമാറ്റം തുടക്കത്തിലെ കല്ലുകടിക്ക് വഴിവെച്ച സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തുടർ നീക്കങ്ങൾ എന്താകും എന്നതും വാർത്താ പ്രാധാന്യമുള്ളതാണ്.