കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് എം പി യുടെ ഓഫീസ് ആക്രമിച്ചതെങ്കില്‍ കഴിവു കെട്ടവനെങ്കിലും പിണറായി വിജയന്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായി കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ് എഫ് ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യത്ത് കേട്ടു കേള്‍വി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും, വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോള്‍ ഇടതുപക്ഷത്തിന്റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്, എന്നാല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുള്ള വിഷയത്തില്‍ ഇതിനോടകം തന്നാല്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിക്കഴിഞ്ഞ എം പിയുടെ ഓഫീസ് തല്ലി തകര്‍ക്കുന്ന ഒരു യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
advertisement
ഈ വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്തേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഈ കോടതി വിധിയില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ വിധിന്യായത്തില്‍ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നല്‍കുന്നതും സംസ്ഥാന സര്‍ക്കാരിന്നാണ്. വലിയ തോതില്‍ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ അവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുമുണ്ട്.
ഇതെല്ലാം അറിയാമായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങള്‍ എം പി യുടെ ഓഫീസ് ആക്രമിച്ചതെങ്കില്‍ കഴിവു കെട്ടവനെങ്കിലും പിണറായി വിജയന്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു.

