വർഷങ്ങളായി വാരപ്പെട്ടി പഞ്ചായത്തിലെ ഇലങ്കവത്ത് കൃഷി ചെയ്ത് വരുന്ന തോമസിനോടാണ് കെഎസ്ഇബി ഈ ക്രൂരത കാണിച്ചത്.
കൃഷി സ്ഥലത്തിന് മുകളിലൂടെ 11 കെവി ലൈൻ പോകുന്നതിനാൽ അപകടം ഉണ്ടാകും എന്ന് ചൂണ്ടികാട്ടിയാണ് കെ എസ് ഈ ബി 50 സെന്റിലെ കൃഷി മുഴുവനായും നശിപ്പിച്ചത്. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് ഒരു ദാക്ഷണ്യവും ഇല്ലാതെ വെട്ടി നശിപ്പിച്ചത്.
advertisement
ന്യൂസ് 18 വാർത്ത നൽകി അരമണിക്കൂറിനകം വിഷയത്തിൽ മന്ത്രിമാർ നേരിട്ട് ഇടപെട്ടു. വിഷയം ഗൗരവമുള്ളതാണെന്നും അറിയിപ്പില്ലാതെ വാഴകൾ വെട്ടിനിരത്തിയത് ന്യായീകരിക്കാവുന്നതല്ലെന്നും കൃഷിമന്ത്രി പി പ്രസാദ് ന്യൂസ് 18 നോട് പറഞ്ഞു.
സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതികരണം. അന്വേഷണത്തിന് ട്രാൻസ്മിഷൻ ഡയറക്ടറെ നിയോഗിച്ചെന്നും വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
മുന്നറിയിപ്പ് ഇല്ലാതെ കെഎസ്ഇബി കൃഷി നശിപ്പിച്ചതിനോട് നാട്ടുകാരും പ്രതിഷേധിച്ചു.മൂലമറ്റത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന 11 കെവി ലൈനുകൾ കൃഷി സ്ഥലത്തിന് തൊട്ട് മുകളിലൂടെയാണ് കടന്ന് പോകുന്നത്. വൈദ്യുതി ലൈനുകൾ ഉയർത്തി അപകടം ഒഴിവാക്കുത്തിന് പകരമാണ് കെഎസ്ഇബിയുടെ ഈ കൊടും ചതി.