കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പണ്ടപ്പിള്ളി സ്വദേശി ബിനു ജോണ്‍ കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി പ്രാണ്‍കുമാർ എന്നിവരാണ് ജീവൻ രക്ഷിച്ച് മാതൃകയായത്. ഓട്ടോ ഡ്രൈവര്‍ പാമ്പാക്കുട സ്വദേശി ബാബു (50) ആണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.40-ന് കൂത്താട്ടുകുളത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കു സമീപം ഓട്ടോ അപകടത്തില്‍പ്പെടുകയായിരുന്നു. ഇത് ബസ് ഡ്രൈവര്‍ ബിനുവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാല്‍ കയറ്റിയെത്തിയ ഗുഡ്‌സ് ഓട്ടോയുടെ ലൈറ്റുകള്‍ തെളിഞ്ഞും എന്‍ജിന്‍ ഓഫാകാത്ത നിലയിലുമായിരുന്നു. ഇതിനെ തുടർന്ന് ബസ് നിര്‍ത്തി ബിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കൂടെ കണ്ടക്ടര്‍ പ്രാണ്‍കുമാറും യാത്രക്കാരും.
advertisement
Also read-ഒരുമിച്ച് പഠിച്ച് ഒരേ ജോലിയിൽ ഒരുമിച്ച് പ്രവേശിച്ച 45 പേർക്ക് ഒരേ ദിവസം വിരമിക്കല്‍
മറിഞ്ഞുകിടന്ന വാഹനത്തിന്റെ വാതിലിലും ഓടയിലുമായി ബാബു കുരുങ്ങിക്കിടക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍ചക്രവും ഒരു പിന്‍ചക്രവും ഓടയ്ക്കുള്ളിലായിരുന്നു. ഓട്ടോ ഉയര്‍ത്തി അവശ നിലയിലായിരുന്ന ബാബുവിനെ പുറത്തെടുത്തു. മുഖത്തും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ബാബുവുമായി കെ.എസ്.ആര്‍.ടി.സി പിറവം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ ഡ്രൈവര്‍ ബിനു, കണ്ടക്ടര്‍ പ്രാണ്‍കുമാര്‍ എന്നിവരെ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍ അനുമോദിച്ചു.