കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ ആദ്യ സ്കൂൾ ഉദ്ഘാടനം ചെയ്തത്.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement
വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കെഎസ്ആര്‍ടിസിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും.
നേരത്തെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആര്‍ടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിംഗ് സ്കൂൾ പ്രാവര്‍ത്തികമാകുന്നത്.
മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ ഫീസ് നിരക്ക്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളില്‍ സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളെ അപേക്ഷിച്ച് ഫീസ് നിരക്കില്‍ 40 ശതമാനത്തോളം കുറവുണ്ടാകും. കാറും ഇരുചക്രവാഹനവും പഠിക്കുന്നതിന് 11,000 രൂപയാണ് ഫീസ്. കാര്‍ മാത്രം പഠിക്കുന്നതിന് 9000 രൂപയാകും ചെലവാക്കേണ്ടിവരിക. ഇരുചക്രവാഹനം മാത‌്രമാണെങ്കില്‍ 3500 രൂപയാണ് ഫീസ്.
പട്ടിക വർഗവിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി ക്ലാസിൽ ചേരാമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.