കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.ക്ക് താത്ക്കാലിക പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എം.ഡി. തന്നെ മുന്നോട്ട് വച്ചത്. ജൂലൈ മാസത്തിൽ 21 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 14 കോടിയിലധികം രൂപ ഡീസലിന് മാത്രമാണ് ചെലവിട്ടത്.
ഈ സാഹചര്യത്തിൽ കിലോമീറ്ററിന് കുറഞ്ഞത് 25 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ ബസ് ഓടിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. യാത്രക്കാർ ഇല്ലെങ്കിൽ വെറുതെ സർവ്വീസ് നടത്തരുത്. നഗരാതിർത്തിയിൽ ബസ് സ്റ്റേ എന്ന നിലയിൽ മാറ്റണം. സ്റ്റേ സർവ്വീസുകൾക്ക് ജീവനക്കാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. ഓർഡിനറി ബസുകൾ സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന രീതി മാറ്റണം.
advertisement
കൂടുതൽ യാത്രക്കാരെ കയറ്റാൻ എവിടെ വേണമെങ്കിലും ബസ് നിർത്തുമ്പോൾ അൺലിമിറ്റഡ് ഓർഡിനറി സർവ്വീസ് എന്ന് ഇത്തരം സർവ്വീസുകളെ പുനഃക്രമീകരണം ചെയ്യണം. യാത്രക്കാർ കൂടുതലുള്ള പുതിയ റൂട്ടുകൾ കണ്ടെത്തി സർവ്വീസ് വർദ്ധിപ്പിക്കണം. പ്രതിദിനം 25 ശതമാനം അധിക വരുമാനം ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്നും പുതിയ സർക്കുലറിൽ പറയുന്നു.