TRENDING:

Samastha| 'സമീപകാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന്'; സമസ്ത നേതാവിനെ വിമർശിച്ച് കെ ടി ജലീൽ

Last Updated:

''ചിലർ വായ തുറക്കാതിരുന്നെങ്കിൽ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെ (Samastha) വിമർശിച്ച് കെ ടി ജലീൽ എംഎൽഎ (KT Jaleel). സമീപകാലത്ത് കേൾക്കേണ്ടി വന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന് എന്നാണ് ജലീൽ ഈ സംഭവത്തെ ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെ ന്യായീകരിച്ച് രം​ഗത്തെത്തിയ എംഎസ്എഫ് നേതൃത്വത്തെയും ജലീൽ രൂക്ഷമായഭാഷയിൽ വിമർശിക്കുന്നുണ്ട്.
advertisement

ഫേസ്ബുക്ക് കുറിപ്പ്

മുതിർന്ന മുസ്ലിം പെൺകുട്ടികൾ സ്റ്റേജിൽ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാർത്ത, സമീപ കാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യുസുകളിൽ ഒന്നാണ്. ചിലർ വായ തുറക്കാതിരുന്നെങ്കിൽ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവ്വം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്.

"നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക"യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ ശിൽപികളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്ല്യാരും നയിച്ച പണ്ഡിത സഭ സമൂഹ മദ്ധ്യത്തിൽ അവഹേളിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നേതാക്കളും പ്രവർത്തകരും കാണിക്കണം. ഭൂമിലോകത്ത് മൂന്നാം കണ്ണായി ക്യാമറക്കണ്ണുകളും ഉണ്ടെന്ന വിചാരം അശ്രദ്ധമായി അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് മേലിലെങ്കിലും ഉണ്ടാകണം.

advertisement

Also Read- Samastha| 'വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ല'; വിദ്യാർഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവിനെ പിന്തുണച്ച് MSF

എന്നെ അതിശയപ്പെടുത്തിയ കാര്യം മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ സംസ്ഥാന പ്രസിഡണ്ട് മുൻ ചൊന്ന ഉസ്താദിന് സംഭവിച്ച അബദ്ധത്തെ ഉളുപ്പില്ലാതെ വെള്ളപൂശിയതാണ്. ഹരിത പെൺകുട്ടികളുടെ ശര തുല്യമായ ചോദ്യങ്ങളുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞ അതേ നേതാവ് എം.എസ്.എഫിൻ്റെ നേതൃപദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. കെ.എം സീതി സാഹിബെന്ന മഹാമനീഷി രൂപം നൽകുകയും സി.എച്ച് എന്ന രണ്ടക്ഷരം കൊണ്ട് മലയാളിയുടെ മനസ്സ് കവർന്ന കോയാ സാഹിബ് ജനകീയമാക്കുകയും ചെയ്ത സംഘടനയുടെ അമരത്തിരിക്കാൻ സർവ യോഗ്യരായ മിടുക്കൻമാരെ തഴഞ്ഞ് അവിവേകികളെ അവരോധിച്ചാൽ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അൽഭുതമുള്ളൂ.

advertisement

നാറിയവരെ പേറിയാൽ, പേറിയവർ നാറുമെന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല. മുസ്ലിംലീഗിൻ്റെ നിലപാടാണോ എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ്റെ നാവിൻ തുമ്പിലൂടെ വെളിപ്പെട്ടതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. കേരളത്തിലെ UDF മുന്നണിയിലെ ഘടക കക്ഷിയായ ലീഗിൻ്റെ വിദ്യാർത്ഥി സംഘടന സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ച അറുപിന്തിരിപ്പൻ സമീപനത്തോട് UDSF ന് നേതൃത്വം നൽകുന്ന കെ.എസ്.യു വിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ മലയാളക്കരക്ക് താൽപര്യമുണ്ട്.

Also Read- 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്'; ക്ഷുഭിതനായി സമസ്ത നേതാവ്; വ്യാപക വിമര്‍ശനം

advertisement

സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനുള്ള നിരോധനം സൗദി ഗവ: നീക്കിയത് മാസങ്ങൾക്ക് മുൻപാണ്. അതോടെ ആയിരക്കണക്കിന് സ്ത്രീകളാണ് അവിടെ ഡ്രൈവർമാരായി വന്നത്. ഇക്കാലമത്രയും ഒരു വനിതയെ നയതന്ത്ര പ്രതിനിധിയായി ലോകത്ത് ഒരു രാജ്യത്തേക്കും അയക്കാത്ത അറുപഴഞ്ചൻ ദുശ്ശാഠ്യം വിശുദ്ധ മക്കയുടെയും മദീനയുടെയും അവകാശികളായ സൗദ്യ അറേബ്യ തിരുത്തി. അതേ തുടർന്നാണ് റീത്താ ബിൻത് രാജകുമാരി ചരിത്രത്തിലാദ്യമായി അമേരിക്കയിലെ സൗദി അറേബ്യൻ അംബാസഡറായത്. ലോകം വിശാലമാകുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിൽ മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ എന്തിന് വെറുതെ വാതിലുകൾ കൊട്ടിയടച്ച് അവരെ ഇരുട്ടിലേക്ക് തള്ളണം?

advertisement

Also Read- മതനേതാക്കളാല്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മതത്തെ വെറുക്കും: ഫാത്തിമ തഹ്ലിയ

പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ്  പുറത്ത് വന്നത്. സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്രസ  കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ സംഘാടകരോട് തട്ടിക്കയറുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Samastha| 'സമീപകാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന്'; സമസ്ത നേതാവിനെ വിമർശിച്ച് കെ ടി ജലീൽ
Open in App
Home
Video
Impact Shorts
Web Stories