കോഴിക്കോട്: പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ അധിക്ഷേപിച്ച എം ടി അബ്ദുല്ല മുസ്ല്യാരെ തള്ളിയും തലോയിടും എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്. സമസ്ത നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന ആക്രമണം നിഷ്കളങ്കമല്ലെന്നും എം.ടി ഉസ്താദിനെ വികലമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നതെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അതേ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ പണ്ഡിത നേതൃത്വം അത് തിരുത്തുമെന്നും നവാസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉന്നത മേഖലയിലെത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ അവരുണ്ടെന്നും നവാസ് വ്യക്തമാക്കുന്നു. സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ പഠിച്ചു വളര്‍ന്നത്. മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികള്‍ ഈ നവോത്ഥാനം നേടിയതെന്നും നവാസ് പറയുന്നു. ആര്‍ക്കെങ്കിലും തെറ്റ് പറ്റിയാല്‍ തിരുത്താനുള്ള ആര്‍ജ്ജവവും പക്വതയും സമുദായ പണ്ഡിത സഭക്കുണ്ട്. മുമ്പ് അബ്ദുറഹ്മാന് കല്ലായിക്ക് പറ്റിയ അബദ്ധം ഇങ്ങിനെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നവാസ് വ്യക്തമാക്കുന്നു.
Also Read-
'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്'; ക്ഷുഭിതനായി സമസ്ത നേതാവ്; വ്യാപക വിമര്‍ശനം
പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമുദായത്തിലെ പെണ്‍കുട്ടികള്‍ നേടിയെടുത്ത ഈ വിപ്ലവങ്ങള്‍ക്കു പിറകില്‍ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാര് വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ വിജ്ഞാന കേന്ദ്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.
സി എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോള്‍ അവരെ വര്‍ഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവര്‍ന്നു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ സമുദായത്തിലെ പെണ്‍കുട്ടികള്‍ എത്തിനില്‍ക്കുന്നത് ഈ സാത്വികരുടെ വിയര്‍പ്പിന്റെ ഫലമാണ്.
മുസ്ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിബറല്‍ ധാരകള്‍ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകള്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാല്‍ അതേറ്റുപിടിക്കാന്‍ വെമ്പുന്നവരായി നാം മാറരുത്.
Also Read-
മതനേതാക്കളാല്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മതത്തെ വെറുക്കും: ഫാത്തിമ തഹ്ലിയ
ആദരണീയനായ എംടി ഉസ്താദിനെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്കളങ്കമായി ഉയര്‍ന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തില്‍ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗ്ഗീയ സംഘടനകളാണ്.
തെറ്റുപറ്റുന്നവരെ തിരുത്താന്‍ വേണ്ട ജാഗ്രതയും, ആര്‍ജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ട്. മുമ്പ് ആദരണീയനായ കല്ലായി സാഹിബിന് സംഭവിച്ച അബദ്ധം നേതൃത്വം എത്ര ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാവുന്നതാണ്.
എന്നാല്‍ സാമൂഹിക മാധ്യമത്തിലും, ചാനല്‍ മുറികളിലും കയറി നേതാക്കള്‍ക്കും, പണ്ഡിതന്മാര്ക്കും സ്റ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികള്‍ കൊണ്ട് നേതാക്കള്‍ 'നല്ലകുട്ടികള്‍' ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാന്‍ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികള്‍ ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കും.
ആദരണീയനായ എം.ടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.