2018 ഡിസംബറിനു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. താൻ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാൻ കേന്ദ്ര നേതൃത്വത്തിനെ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന കെപിസിസി നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനം വിളിച്ചതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് കെ വി തോമസ് തുടങ്ങിയത്. മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
‘ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. പൊട്ടിമുളച്ചുവന്നതല്ല. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സിറ്റിങ് എംപിമാരിൽ സീറ്റു നിഷേധിച്ചത് തനിക്കുമാത്രമാണ്. അതിൽ വലിയ വിഷമമുണ്ടായി’– അദ്ദേഹം പറഞ്ഞു. മത്സരിച്ചപ്പോഴെല്ലാം ജയിച്ചതാണോ താൻ ചെയ്ത കുറ്റമെന്നും കെ വി തോമസ് ചോദിക്കുന്നു.
ബിജെപിയെ എതിർക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് ദേശീയ പ്രശ്നമാണെന്നും കെ വി തോമസ് പറഞ്ഞു. ''സെമിനാറിൽ പങ്കെടുക്കും. പാർട്ടി വിട്ടുപോകില്ല. സെമിനാറിനായി തയാറെടുത്തു കഴിഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. നെഹ്റുവിയൻ വീക്ഷണം സെമിനാറിൽ പറയും.'' - കെ വി തോമസ് പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുതൽ ഭക്ഷ്യമന്ത്രി പദവി വരെയുള്ള നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് കെ വി തോമസ് വാർത്താസമ്മേളനം നടത്തിയത്. ഏഴുതവണ ജയിച്ചത് ജനകീയ അംഗീകാരമാണ്. സോഷ്യൽ മീഡിയ വഴി വലിയ ആക്രണം നേരിട്ടു. പിന്നിൽ കോണ്‍ഗ്രസ് നേതൃത്വമാണ്. - കെ വി തോമസ് പറഞ്ഞു.
പുതിയ സാഹചര്യത്തിൽ കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.
