രാത്രി എട്ടരയോടെയാണ് പ്രസിദ്ധമായ പൊന്നും ശീവേലി ആരംഭിക്കുന്നത്. സ്വർണ്ണ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെയും എഴുന്നള്ളിക്കും. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അനുഗമിക്കും. ചടങ്ങുകൾ പ്രമാണിച്ച് ഭക്തർക്കായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടത്തിയ പരീക്ഷണ ദീപം തെളിക്കൽ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയായി. പത്മതീർഥക്കരയിൽ ഇലുമിനേഷൻ ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
1 ആറു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന അപൂർവ കാഴ്ചവിരുന്നിനാണ് ഇന്ന് അനന്തപുരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ നവംബർ 20-ന് ആരംഭിച്ച മുറജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിക്കുക.
advertisement
2 വസ്ത്രധാരണം : ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നിശ്ചിത ഡ്രസ് കോഡ് നിർബന്ധമാണ്. പുരുഷന്മാർ മുണ്ടും നേര്യതും ധരിക്കണം. സ്ത്രീകൾ സാരിയോ പാവാടയോ ധരിക്കണം, ചുരിദാർ ധരിക്കുന്നവർ അതിന് പുറമെ മുണ്ട് ധരിക്കേണ്ടതാണ്.
3 പ്രവേശന സമയം: ഇന്ന് വൈകിട്ട് കിഴക്കേനട വഴി പ്രവേശനം അനുവദിക്കില്ല. മറ്റു നടകൾ വഴി വൈകിട്ട് 4.30 മുതൽ 6.30 വരെ മാത്രമേ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കൂ.
4 പാസ് വിവരങ്ങൾ: ഓൺലൈൻ ബുക്കിംഗ് വഴി ലഭിച്ച പാസിൽ ഏത് പ്രവേശന കവാടത്തിലൂടെയാണ് അകത്തേക്ക് കടക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
5 ദീപാലങ്കാരം: ഇന്ന് ലക്ഷദീപം ദർശിക്കാൻ കഴിയാത്തവർക്കായി ജനുവരി 15, 16 തീയതികളിൽ ക്ഷേത്രത്തിനകത്തും പുറത്തും പത്മതീർത്ഥത്തിലും വൈദ്യുത ദീപാലങ്കാരം ഉണ്ടായിരിക്കും.
6 തിരിച്ചറിയൽ രേഖ: ഭക്തർ കൈവശം ആധാർ കാർഡ് കരുതേണ്ടതാണ്.
7 നിരോധിത വസ്തുക്കൾ: ബാഗ്, കുട, ഇലക്ട്രോണിക് സാധനങ്ങൾ (ഫോൺ, റിമോട്ട് കീ, സ്മാർട്ട് വാച്ച്, ക്യാമറ) എന്നിവ ക്ഷേത്രത്തിനുള്ളിൽ അനുവദിക്കില്ല.
8 വാർദ്ധക്യ സഹജമായ രോഗമുള്ളവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ, 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ സന്ദർശനം പരമാവധി ഒഴിവാക്കണം.
9 സൗകര്യങ്ങൾ: വടക്കേനടയിലും തെക്കേനടയിലും ഭക്തർക്കായി പ്രത്യേക ശുചിമുറികൾ സജ്ജീകരിച്ചിട്ടുണ്ട്.
10 മതിലകത്ത് എണ്ണ വിളക്കുകളും ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വിളക്കുകളുമാണ് തെളിക്കുക
