വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ വഖഫ് ബില്ലിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്നും പാലക്കാട് മാധ്യമപ്രവർത്തകരോട് സുരേന്ദ്രന് പറഞ്ഞു. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വഖഫ് ബോർഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ യുഡിഎഫും എൽഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
'മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും' എന്ന് പറഞ്ഞാണ് ദീപിക എഡിറ്റോറിയൽ ആരംഭിക്കുന്നത്. വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നിൽനിന്നു കുത്തിയ രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ്. മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കിയെന്നും ദീപിക വിശദീകരിച്ചു.
advertisement
'ഈ രാജ്യത്തിന്റെ ചുമലിൽ നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാർ കെട്ടിവച്ച ശാപമാണ് 1995ലെ വഖഫ് നിയമം. ഇതിന്റെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇടപെടാൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. വഖഫ് ബോർഡിനെതിരേ പരാതിയുള്ളവർ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ചുകൊള്ളണം. ജനാധിപത്യത്തിനും മതേതരത്വത്തിനുംമേൽ ഒരു സർക്കാർ നടത്തിയ പിൻവാതിൽ നിയമം! കോൺഗ്രസ് വിതച്ചു, വഖഫ് കൊയ്തു' എന്നും എഡിറ്റോറിയലിൽ പറയുന്നു.
'കാശുകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം ഉടമകളിൽനിന്നു പിടിച്ചുപറിക്കുന്നവരുടെ മൗലികാവകാശം സംരക്ഷിക്കാൻ കൈകോർക്കുന്ന ഈ നിയമസഭയിൽ മുനന്പത്തെ മനുഷ്യർക്കുവേണ്ടി ശബ്ദിക്കാൻ ഒരാളുപോലും ഇല്ലേ?. മുനമ്പത്തു മാത്രമല്ല, രാജ്യത്തൊരിടത്തും ഈ ദുർവിധിയുണ്ടാകാതിരിക്കാനാണ് ആ കത്ത്. മുനമ്പത്തുനിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒഴിപ്പിക്കുമോ ഇല്ലയോ എന്നതല്ല, അവരുടെ സ്വന്തം ഭൂമിയുടെ അവകാശ രേഖകൾക്കുമേൽ കൈവയ്ക്കാൻ ഒരു വഖഫിനെയും അനുവദിക്കതിരിക്കുകയാണുവേണ്ടത്. കാശുകൊടുത്തു കിടപ്പാടം വാങ്ങിച്ചിട്ട് വഖഫിന്റെ ദയാദാക്ഷിണ്യമാണോ' എന്നും ചോദിക്കുന്നു.
'ശരിയത്ത് വാഴ്ച ഉറപ്പാക്കുന്ന വഖഫ് നിയമം നെഞ്ചോടു ചേർത്തുവച്ചുകൊണ്ട് അതിന്റെ ഇരകളെ രക്ഷിക്കാമെന്നു വ്യാമോഹിപ്പിക്കുന്ന ചതി കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു. മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. തീവ്രവാദം അധ്യാപകന്റെ കൈവെട്ടുകേസിനു മുമ്പും ശേഷവും എന്നതുപോലെ കേരള രാഷ്ട്രീയം മുനമ്പത്തിനു മുമ്പും ശേഷവും എന്നു രേഖപ്പെടുത്തും. ഭീഷണിയല്ല, ഇരകളുടെ അതിജീവന രാഷ്ട്രീയം', എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.