മലപ്പുറം : കൺസ്യൂമർഫെഡിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടു വന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയുടെ റിപ്പോര്‍ട്ടാണ് എല്‍ഡിഎഫ് സര്‍ക്കാർ പൂഴ്ത്തിയത്. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലടക്കം നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് ന്യൂസ് 18ന് ലഭിച്ചു.
രണ്ടരക്കോടി രൂപയുടെ പച്ചക്കറി വിൽക്കാൻ അനാമത്ത് ചെലവായി എഴുതി എടുത്തത് 82 ലക്ഷം രൂപ. എട്ടുകോടിയുടെ പച്ചക്കറിയില്‍ നാലരക്കോടിയും വാങ്ങിയത് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിഐടിയു നേതാവും അന്നത്തെ കണ്‍സ്യുമര്‍ ഫെഡ് എംഡിയും നേരിട്ട് ഇടപെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
Also Read-കൺസ്യൂമർഫെഡ് അഴിമതി: CITU നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പച്ചക്കറി വിപണനമേളയിലെ അഴിമതിയും അതില്‍ ഉള്‍പ്പെട്ടവരെയും സഹകരണ വകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.സഹകരണ നിയമത്തിലെ അറുപത്തിയഞ്ചാം വകുപ്പ് അനുസരിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തിൽ കൊടിയ അഴിമതി നടന്നുവെന്ന് തെളിഞ്ഞു. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലിരിക്കേയാണ് തെളിവില്ലെന്നു കാട്ടി കേസ് തള്ളാന്‍ വിജിലന്‍സ് നീക്കം നടത്തുന്നത്.
2012-13 കാലയളവില്‍ കാലത്ത് സംഘടിപ്പിച്ച പച്ചക്കറി മേളയുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട ജില്ലാ മാനേജരും സിഐടിയു നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എം ഷാജിക്കായിരുന്നു ചുമതല. ലക്ഷ്യം ചുമതലക്കാരന്‍തന്നെ അട്ടിമറിച്ചതായാണ് റിപ്പോര്‍ട്ട്. ചുമതലക്കാരനായ എം ഷാജിയില്‍ നിന്ന് നഷ്ടമുണ്ടായ തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
മേളക്കായിവാങ്ങിയ 8 കോടിയുടെ പച്ചക്കറിയില്‍ 4 കോടി 60 ലക്ഷത്തിന്റെ പച്ചക്കറിയും വിതരണം ചെയ്തത് കോയമ്പത്തൂരിലെ എന്‍ ആര്‍ വെജിറ്റബിള്‍സ് ആണെന്നാണ് രേഖകള്‍. ഇങ്ങനെയൊരു സ്ഥാപനമില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളത്തിലെതന്നെ വിതരണക്കാരില്‍നിന്ന് കൂടിയ വിലയ്ക്കു വാങ്ങിയ പച്ചക്കറി 20 മുതല്‍ 117 ശതമാനം വരെ നഷ്ടം സഹിച്ചായിരുന്നു വില്‍പന. ബില്ലുകളും അതില്‍ പതിച്ചിരുന്ന സീലുകളും വ്യാജമായിരുന്നു. 2012ല്‍ 58 ലക്ഷത്തിന്റെ പച്ചക്കറി വിറ്റപ്പോള്‍ അനാമത്ത് ചെലവെന്ന പേരില്‍ കണക്കില്‍ പെടുത്തിയത് 19 ലക്ഷം രൂപ. തൊട്ടടുത്ത വര്‍ഷം 2 കോടിയുടെ വില്‍പനയ്ക്ക് 63 ലക്ഷവും അനാമത്ത് ചെലവെന്ന പേരില്‍ എഴുതിച്ചേര്‍ത്തു. എട്ടരക്കോടിയുടെ പച്ചക്കറി വിറ്റപ്പോള്‍ അഞ്ചരക്കോടി രൂപയുടെ ദുരൂഹ ഇടപാടുകള്‍. ഇത് അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയത്.
എംഡിയായിരുന്ന റിജി ജി നായര്‍, ഭരണസമിതിയെപ്പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് പച്ചക്കറിമേളയ്ക്കു ചുക്കാന്‍ പിടിച്ചതെന്ന അംഗങ്ങളുടെ മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ നവംബര്‍ 28നാണ് സഹകരണ വകുപ്പ് ജോയിന്റെ രജിസ്ട്രാര്‍ കെ വി പ്രശോഭന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടയിലാണ് വിജിലന്‍സ് കോടതി പരിഗണനയിലുള്ള കേസ് തെളിവില്ലെന്നു പറഞ്ഞു തള്ളാനുള്ള നീക്കം.