എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പുറത്തിറക്കിയ ഒറ്റവരി പ്രസ്താവനയിലാണ് ശോഭ ചാർളിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. നേരത്തെ കേരള കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും സ്ഥാനമൊഴിയാൻ ശോഭ ചാർളി തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് മുന്നണിയോഗം ചേർന്ന് ഉടൻ നടപടിയെടുക്കാൻ തീരുമാനിച്ചത്.
ബിജെപി, എസ്.ഡി.പി.ഐ കക്ഷികളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായി വിജയിച്ച സ്ഥലങ്ങളിലെല്ലാം എൽഡിഎഫ് പ്രതിനിധികൾ ഉടൻതന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാൽ റാന്നിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ തയ്യാറാകാതെയിരുന്നത് എൽഡിഎഫിനും സിപിഎമ്മിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
advertisement
Also Read- നറുക്കെടുത്തപ്പോൾ വയനാട് യുഡിഎഫിന്; 11 ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കും
അതേസമയം മുന്നണി തീരുമാനത്തോട് ശോഭ ചാർളി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ കേരള കോൺഗ്രസ് നേതൃത്വം ശോഭ ചാർളിക്കൊപ്പമായിരുന്നു. രാജിവെക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അവർക്ക്. എന്നാൽ സിപിഎം ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് ശോഭയ്ക്കെതിരെ നടപടിയെടുക്കാൻ മുന്നണി യോഗത്തിൽ കേരള കോൺഗ്രസ് തയ്യാറായത്.