കേരളത്തില്‍ വരാനിരിക്കുന്ന കാലത്ത് പൊതുവേദിയിലേക്ക് വരാന്‍ പോകുന്ന ഇന്‍ഡിമുന്നണിയുടെ ഒരു ആരംഭമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്നതെന്നും എം ടി രമേഷ് പറഞ്ഞു. ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കോണ്‍ഗ്രസ് സഹകരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള. നേരത്തെ ആ സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം കൊടുത്തത് സിപിഎം സഹയാത്രികരായിരുന്നുവെങ്കില്‍, അതില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തം കൂടി ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും എം ടി രമേഷ് പറഞ്ഞു.
advertisement
ശബരിമലയിലെ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുന്ന കാര്യത്തില്‍, ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമുണ്ട്. ഈ രണ്ടു കൂട്ടരും ഇരുട്ടില്‍ കള്ളന്മാരെ തപ്പുകയാണ്. സത്യത്തില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൊള്ളയായ ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖന്മാരായ ആളുകളുടെ പങ്കാളിത്തമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയാണെന്നും എം ടി രമേഷ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണമോഷണ, വിഗ്രഹ കള്ളക്കടത്ത് സംഘങ്ങള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരു കാരണവശാലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും ഈ കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും രമേഷ് ആരോപിച്ചു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജനുവരി മാസം 14-ാം തീയതി, മകരസംക്രമ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും 'ശബരിമല സംരക്ഷണ ദീപം' തെളിയിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മകരജ്യോതി ദിവസത്തില്‍ തന്നെ, ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ദീപം തെളിയിക്കുന്നതെന്നും രമേഷ് പറഞ്ഞു. ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ജി ജനുവരി 11-ാം തീയതി സംസ്ഥാനം സന്ദര്‍ശിക്കുകയാണ്.
അദ്ദേഹം തിരുവനന്തപുരത്താണ് വരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തില്‍, മുഴുവന്‍ കേരളത്തിലെയും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചിട്ടുള്ള ജനപ്രതിനിധികളുടെ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും.
2026-ലെ നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ആ യോഗത്തില്‍ സ്വാഭാവികമായിട്ടും ആലോചനയ്ക്ക് വരും. അതിന് ആവശ്യമായിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അമിത് ഷാ ജിയുടെ ഭാഗത്ത് ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ള ജനപ്രതിനിധികള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനെ കൂടി മുന്‍നിര്‍ത്തികൊണ്ടുള്ള പ്രവര്‍ത്തനത്തിന് അവരെല്ലാവരും ആരംഭം കുറിക്കണമെന്ന് കൂടി ആലോചിച്ച പശ്ചാത്തലത്തിലാണ് അമിത് ഷാ ജിയുടെ സാന്നിധ്യത്തില്‍ തന്നെ ആ സമ്മേളനം സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമികമായിട്ടുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ആലോചിച്ചിരുന്നു. ബാക്കി കാര്യങ്ങള്‍ പതിനൊന്നാം തീയതി അമിത് ഷാ ജി വരുന്ന സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ബാക്കി കാര്യങ്ങള്‍ കൂടി ഞങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഇടത് വലത് മുന്നണികളുടെ ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെ ജനുവരി 14ന് ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കാൻ ഞങ്ങള്‍ കേരളത്തിലെ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ അയ്യപ്പ വിശ്വാസികളും അതില്‍ പങ്കെടുക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എം ടി രമേഷ് പറഞ്ഞു.
