2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ പരാജയത്തിന് കാരണം സിപിഎമ്മിലെ വിഭാഗീയതയാണെന്ന ആരോപണത്തിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ് എസ്എഫ്‌ഐയുടെ കേരളത്തിലെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയി. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിയ്ക്ക് കാരണം സിപിഎമ്മിലെ വിഭാഗീയതയെന്നാണ് സിന്ധു ജോയ് പറഞ്ഞിരിക്കുന്നത്. യുവനേതാവിയിരിക്കെ തന്നെ സിപിഎമ്മില്‍ നിന്നും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച വനിതാ നേതാവായിരുന്നു സിന്ധു.
മൂന്നുവര്‍ഷക്കാലം എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിച്ച സിന്ധു സംഘടനയുടെ അഖിലേന്ത്യ വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. എസ്എഫ്‌ഐയുടെ ഉന്നത ഭാരവാഹി പദം അലങ്കരിച്ച ഏക വനിതയും ഈ എറണാകുളം സ്വദേശിയാണ്. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഭാഗമായി പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത സിന്ധു ആ കാലത്ത് എസ്എഫ്‌ഐയുടെ കേരളത്തിലെ മുഖം തന്നെയായിരുന്നു.
advertisement
Also Read: CPM വിഭാഗീയതയുടെ ഇരയാണ് താനെന്ന് സിന്ധു ജോയ്
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും ചുരുങ്ങിയ കാലത്തിനുള്ളില്‍ സിന്ധു ജോയ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതയും സിന്ധു ജോയ് ആയിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെവി തോമസിനെതിരെയും മത്സരിച്ച് പരാജയപ്പെട്ട സിന്ധു 2011 ലാണ് പാര്‍ട്ടി വിടുന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സിന്ധു സിപിഎം വിട്ടു കോണ്‍ഗ്രസ് വേദിയിലെത്തുന്നത്. 2006 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച യുവനേതാവ് 2011 ല്‍ പാമ്പാടിയിലെ ഉമ്മന്‍ചാണ്ടിയുടെ തന്നെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലൂടെയാണ് കോണ്‍ഗ്രസിലേക്ക് പ്രവേശിക്കുന്നത്. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച അവര്‍ വിഎസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും നടത്തിയിരുന്നു.
Dont Miss: വീണ്ടും വരുമെന്ന് സിന്ധു ജോയ്; പാർട്ടിയേതെന്ന് അറിയില്ല
എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അതികനാള്‍ നിലനിന്നിരുന്നില്ല. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്ത അവര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്ക് വന്നത് വലിയ മണ്ടത്തരമായിപ്പോയെന്നും സഹ മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്ത് നിന്ന് വിട്ടു നിന്ന സിന്ധു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഏത് പാര്‍ട്ടിയിലൂടെയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
