കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ അപ്രതീക്ഷിതമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായത്. പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി പാട്ടുപാടിയുള്ള പ്രചാരണമാണ് രമ്യ നടത്തിയത്. എന്നാല്‍ രമ്യയുടെ പ്രചാരണത്തിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുമായി ഇടതു നേതാക്കളും ബുദ്ധിജീവികളും രംഗത്തെത്തി. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു.
ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും രമ്യയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തി. മുന്നണി കണ്‍വീനര്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു. അതേസമയം രമ്യയ്‌ക്കെതിരെ മുന്നണി കണ്‍വീനര്‍ നടത്തിയ പരാമര്‍ശത്തെ തള്ളിപ്പറയാന്‍ ഇടതു സ്ഥാനാര്‍തി പി.കെ ബിജു തയാറാകത്തതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പ്രാചാരണരീതിയെ വിമര്‍ശിച്ച് ഇടതു സഹയാത്രികയും അധ്യാപികയുമായ ദീപാ നിശാന്ത് രംഗത്തെത്തിയതും രമ്യയുടെ സ്വീകാര്യത വര്‍ധിപ്പിച്ചെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
advertisement
യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഇടതു സൈബര്‍ പോരാളികള്‍ നടത്തിയ ആക്രമണത്തെ 'പെങ്ങളൂട്ടി' എന്ന പ്രചാരത്തിലൂടെയാണ് യു.ഡി.എഫ് നേരിട്ടത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, വി.ടി ബല്‍റാം എന്നിവരും രമയയ്ക്കു വേണ്ടി മണ്ഡലത്തിലിറങ്ങി.
ഇടതു കോട്ടയായ ആലത്തൂരിലെ മൂന്നാം അങ്കത്തിലാണ് പി.കെ ബിജുവിന് 'പെങ്ങളൂട്ടി'യുടെ പാട്ടിനു മുന്നില്‍ അടിയറവ് പറയേണ്ടി വന്നത്. 2009 ല്‍ 20,960 വോട്ടായിരുന്നു ബിജുവിന്റെ ഭൂരിപക്ഷം. 2014ല്‍ ഭൂരിപക്ഷം 37,312 ആയി. എന്നാല്‍ ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമ്യ ബിജുവിനെ തറപറ്റിച്ചത്.