അതിവിദഗ്ധമായ ആസൂത്രണത്തോടെയാണ് കള്ളൻ ഹോട്ടലിലെത്തിയത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി ക്യാമറകൾ പ്രവർത്തിച്ചു. ഇതോടെ, കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു.
ഹോട്ടൽ പരിസരത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് ഉടമ സംശയിക്കുന്നു. ഫ്യൂസ് ബോർഡ് ഇരിക്കുന്ന സ്ഥലം കൃത്യമായി അറിഞ്ഞതും മറ്റ് സാധനങ്ങളൊന്നും തൊടാതെ ഗ്യാസ് സിലിണ്ടർ മാത്രം ലക്ഷ്യമിട്ടതുമാണ് ഈ സംശയത്തിന് കാരണം. കള്ളത്താക്കോൽ ഉപയോഗിച്ചാണ് പ്രതി അടുക്കളയുടെ പൂട്ടഴിച്ചത്.
advertisement
ഹോട്ടൽ ഉടമ നൽകിയ പരാതിയെത്തുടർന്ന് ഫോർട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഗ്യാസ് ക്ഷാമം മുതലെടുത്ത് വിൽക്കാൻ വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
