വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി കെഎസ്ആർടിസിയോട് ചോദിച്ചത്. പിഎസ്‍സി നിയമിച്ചവർക്ക് ജോലി നൽകുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ഇനി നടപടി വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ താൽക്കാലികജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആർടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആർടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
advertisement
എന്നാൽ ഒരു താൽക്കാലികജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്ന് എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.